ഹർമീത് ധില്ലനു യുഎസിൽ അംഗീകാരം; സിവിൽ റൈറ്റ്‌സ് അസിസ്റ്റന്റ് അറ്റോർണി ജനറലാകും
Mail This Article
വാഷിങ്ടൻ∙ ഇന്ത്യൻ വംശജനായ ഹർമീത് കെ.ധില്ലനെ നീതിന്യായ വകുപ്പിലെ സിവിൽ റൈറ്റ്‌സ് അസിസ്റ്റന്റ് അറ്റോർണി ജനറലായി നാമനിർദേശം ചെയ്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു പ്രഖ്യാപനം.
പൗരാവകാശങ്ങൾ സംരക്ഷിക്കാൻ ഹർമീത് സ്ഥിരമായി നിലകൊണ്ടിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ മികച്ച അഭിഭാഷകരിൽ ഒരാളാണു ഹർമീതെന്നും പ്രശംസിച്ചു. ഡാർട്ട്‌മൗത്ത് കോളജിൽനിന്നും വിർജീനിയ യൂണിവേഴ്‌സിറ്റി ലോ സ്‌കൂളിൽനിന്നും ബിരുദം നേടിയ ഹർമീത് യുഎസ് ഫോർത്ത് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിൽ ക്ലർക്ക് ആയിരുന്നു.
‘‘സിഖ് മതത്തിൽപ്പെട്ടയാളാണ് ഹർമീത്. നമ്മുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ അശ്രാന്തമായ സംരക്ഷകയായിരിക്കും’’– ട്രംപ് പറഞ്ഞു. കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ഹർമീത് പരാജയപ്പെട്ടിരുന്നു. ചണ്ഡിഗഡുകാരിയായ ഹർമീത് (54) കുട്ടിയായിരുന്നപ്പോൾ മാതാപിതാക്കളോടൊപ്പം യുഎസിലേക്കു ചേക്കേറുകയായിരുന്നു.