ആൽവിനെ ഇടിച്ച ജി–വാഗണ് ഇൻഷുറൻസില്ല; ഏപ്രിൽ മുതൽ കേരളത്തിൽ ഓടിയിരുന്നെന്ന് ആർടിഒ
Mail This Article
കോഴിക്കോട് ∙ റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ആൽവിനെ ഇടിച്ച, തെലങ്കാന റജിസ്ട്രേഷനിലുള്ള ബെൻസ് ജി–വാഗണ് ഇൻഷുറൻസില്ലെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ. ജി–വാഗണിന്റെ ഉടമസ്ഥത ഡ്രിവൻ ബൈ യു മൊബിലിറ്റി എന്ന തെലങ്കാന കമ്പനിയുടെ ഉടമ അശ്വിന്‍ എന്നയാളുടെ പേരിലാണ്. വണ്ടി കുറേക്കാലമായി കേരളത്തിൽ ഓടുന്നുണ്ടെന്നും നിയമലംഘനത്തിന്റെ പേരിൽ ചലാൻ നൽകിയിട്ടുണ്ടെന്നും ആർടിഒ ജിതോഷ് അറിയിച്ചു. ഏപ്രിലിൽ ഓടിയതിന്റെ ചലാനാണ് ഇത്. കേരളത്തിൽ നികുതിയടച്ച രേഖകളില്ലാത്തതിനാൽ വണ്ടി പിടിച്ചെടുക്കാമെന്നും ആർടിഒ പറഞ്ഞു.
കെഎൽ 10 ബികെ 0001 എന്ന നമ്പരിലുള്ള ഡിഫൻഡർ കാറിന്റെ ഉടമസ്ഥൻ മലപ്പുറം സ്വദേശി സബീർ ബാബുവാണെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു. ഈ വാഹനത്തിന്റെ രേഖകളെല്ലാം കൃത്യമാണ്. ലാൻഡ്റോവർ ഡിഫൻഡർ ഇടിച്ചാണ് വടകര സ്വദേശി ആൽവിൻ മരിച്ചതെന്നായിരുന്നു ഇന്നലെ വാഹന ഉടമകൾ നൽകിയ വിവരം. എന്നാൽ റീൽസ് ചിത്രീകരിച്ച മൊബൈലിൽനിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, അപകടമുണ്ടാക്കിയത് ജി–വാഗൺ ആണെന്നു വ്യക്തമാകുകയായിരുന്നു. നിയമനടപടികളിൽനിന്നു രക്ഷപ്പെടാനാണ് കള്ളമൊഴി നൽകിയത്.