ആൽവിന്റെ മരണകാരണം തലയ്ക്കു പിന്നിലേറ്റ ക്ഷതം, വാരിയെല്ലുകൾ പൊട്ടി: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
Mail This Article
കോഴിക്കോട്∙ കാറുകളുടെ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് വടകര സ്വദേശി ആൽവിൻ (20) മരിച്ചത് ആന്തരിക ക്ഷതമേറ്റാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. കൂടാതെ, ആന്തരിക രക്തസ്രാവമുണ്ടായിട്ടുണ്ട്. തലയ്ക്കു പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വടകര കടമേരിയിലെ വീട്ടുവളപ്പിൽ വൈകിട്ടോടെ സംസ്കരിക്കും. കാറോടിച്ച സാബിദിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. അറസ്റ്റും രേഖപ്പെടുത്തി.
‘റീൽസ്’ തയാറാക്കാനായി കാറുകൾ അമിതവേഗത്തിൽ കുതിക്കുകയായിരുന്നു. രാവിലെ ഏഴോടെയാണു ആൽവിനും സംഘവും വെള്ളയിൽ സ്റ്റേഷനു മുൻവശത്തുള്ള റോഡിൽ എത്തിയത്. ആൽവിനെ സ്റ്റേഷനു മുൻപിൽ ഇറക്കിയ ശേഷം കാറുകൾ മുന്നോട്ടു പോയി തിരിഞ്ഞു വരികയായിരുന്നു.
അപ്പോഴേക്കും ആൽവിൻ റോഡിന്റെ മധ്യത്തിൽ നിന്നു ചിത്രീകരണം ആരംഭിച്ചു. അതിവേഗത്തിൽ കുതിച്ചു വരുന്ന കാറുകൾ കണ്ട് ആൽവിൻ പരിഭ്രാന്തനായി റോഡരികിലേക്കു മാറിയെങ്കിലും കാർ ഇടിച്ചു. ഉയരത്തിലേക്കു തെറിച്ച ആൽവിൻ റോഡിൽ തലയടിച്ചു വീണു. നട്ടെല്ലിനും പരുക്കേറ്റു. കാറുകളിലുണ്ടായിരുന്നവർ ഉടൻ ആൽവിനെ എടുത്തു കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.