മകൻ വീട്ടിൽകയറിയത് തടഞ്ഞത് ചിത്രീകരിച്ചു; മൈക്ക് പിടിച്ചുവാങ്ങി മാധ്യമപ്രവര്‍ത്തകനെ അടിച്ച് നടൻ മോഹൻ ബാബു
Mail This Article
ഹൈദരാബാദ്∙ വീട്ടിലേക്കു വിളിച്ചുവരുത്തി മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച് തെലുങ്കിലെ മുതിര്‍ന്ന നടനും പത്മ അവാര്‍ഡ് ജേതാവുമായ മോഹന്‍ ബാബു. മോഹന്‍ ബാബുവും ഇളയ മകനും നടനുമായ മഞ്ചു മനോജും തമ്മിലുള്ള സ്വത്ത് തര്‍ക്കത്തെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണു നാടകീയ സംഭവങ്ങള്‍. ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് പിടിച്ചുവാങ്ങി അടിക്കുകയായിരുന്നു. തുടര്‍ന്ന് നടന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച് വീടിനുള്ളില്‍നിന്നു പുറത്താക്കി.
മകൻ വീട്ടിലേക്കു പ്രവേശിക്കാൻ ശ്രമിച്ചത് മോഹൻ ബാബുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ഇതു പകർത്തിയ മാധ്യമപ്രവർത്തകനുനേരെയാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുണ്ട്. മുഖത്തടിയേറ്റതിനെ തുടര്‍ന്നു ഗുരുതര പരുക്കേറ്റ രഞ്ജിത് കുമാറെന്ന മാധ്യമപ്രവർത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രചകോണ്ട പൊലീസ് നടനെതിരെ കേസെടുത്തു. രക്ത സമ്മർദ്ദത്തിലുണ്ടായ വ്യത്യാസത്തെത്തുടർന്ന് മോഹൻ ബാബുവിനെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെലുങ്ക് സിനിമാ വ്യവസായത്തെ നിയന്ത്രിക്കുന്ന മഞ്ചു കുടുംബത്തില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്നു മോഹന്‍ ബാബു മകനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകന്‍ അച്ഛനെതിരെയും ക്രിമിനല്‍ കേസ് നല്‍കി. മകന്റെ പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് നല്‍കിയതിനു പിന്നാലെയാണ് മോഹന്‍ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.