ADVERTISEMENT

തിരുവനന്തപുരം∙ സിനിമാരംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകള്‍ക്ക് അന്തസോടെ അവരുടെ പ്രതിഭ തെളിയിക്കാനുള്ള അവസരം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ) നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെ തന്നെ ഏറ്റവും മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്‌കെ മാറുന്നുവെന്നത് ഏറെ സന്തോഷകരമാണ്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കനുസരിച്ച് സിനിമകള്‍ തയാറാക്കേണ്ടിവരുന്നുവെന്ന വിഷയം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘‘മേളയിലെ ചര്‍ച്ചകളും സംവാദങ്ങളും പുരോഗമനസ്വഭാവമുള്ളതാണ്.  സമൂഹത്തിന്റെ നേര്‍പ്രതിഫലനമാണ് പലപ്പോഴും സിനിമയില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ ചലച്ചിത്ര മേളയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ ചിത്രങ്ങൾ‌ പ്രദര്‍ശിപ്പിച്ചിരുന്നു. ആ രാജ്യത്തെ അവസ്ഥ ഇപ്പോള്‍ കൂടുതല്‍ മോശമാണ്. ആഭ്യന്തര യുദ്ധവും കുടിയിറക്കലും പ്രമേയമായ അര്‍മേനിയന്‍ സിനിമയാണ് ഇക്കുറി പ്രദര്‍ശിപ്പിക്കുന്നത്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഒപ്പംനിന്ന് അവരുടെ ജീവിതാവസ്ഥകള്‍ ലോകത്തിനു മുന്നില്‍ എത്തിക്കാനാണ് ചലച്ചിത്രമേളയിലൂടെ ശ്രമിക്കുന്നത്.’’ – മുഖ്യമന്ത്രി പറഞ്ഞു. 

മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ദുരന്തത്തിന് ധനസഹായം നല്‍കാത്തതിന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും പ്രതിഷേധം അറിയിച്ചുമാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാര്‍ പ്രസംഗിച്ചത്.

ഡിസംബർ 20 വരെ 15 തിയറ്ററുകളിലായി 68 രാജ്യങ്ങളില്‍നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 13,000 ഡെലിഗേറ്റുകളും നൂറോളം ചലച്ചിത്രപ്രവര്‍ത്തകരും മേളയിലെത്തും. ചടങ്ങിൽ വച്ച് ഹോങ്കോങ്ങില്‍ നിന്നുള്ള പ്രശസ്ത സംവിധായിക ആന്‍ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു. 10 ലക്ഷം രൂപയും പ്രശസ്തിപത്രവും ആണ് പുരസ്‌കാരം. മുഖ്യാതിഥിയായിരുന്ന ശബാന ആസ്മിയെയും മുഖ്യമന്ത്രി ആദരിച്ചു. 

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി, മന്ത്രി ജി.ആര്‍.അനില്‍, വി.കെ. പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ.എസ്.അയ്യര്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഷാജി.എന്‍.കരുണ്‍, നടന്‍ മധുപാല്‍ തുടങ്ങിയവരും പങ്കെടുത്തു.

അതിനിടെ മുഖ്യമന്ത്രിയെ ഐഎഫ്എഫ്കെ വേദിയിൽ വച്ച് കൂവിയതിന് ഒരാളെ പൊലീസ് പിടികൂടി. റോമിയോ രാജൻ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മുഖ്യമന്ത്രി വേദിയിലേക്ക് കയറുന്നതിനിടെ ഇയാൾ കൂവുകയായിരുന്നു.

English Summary:

The International Film Festival of Kerala (IFFK) : 29th IFFK Begins in Thiruvananthapuram, Shabana Azmi Attends as Chief Guest.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com