132 കോടി! 2006 മുതൽ 2024 വരെയുള്ള എയർ ലിഫ്റ്റിങ് ചെലവ് തിരിച്ചടയ്ക്കണം; കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്
Mail This Article
തിരുവനന്തപുരം∙ 2018ലെ പ്രളയത്തിനടക്കം എയർലിഫ്റ്റിങ്ങിന് ചെലവായ തുക മുഴുവൻ തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം. ഇക്കാര്യം ഉന്നയിച്ച് കേരളത്തിന് കത്തയച്ചു. 2006-2024 വരെയുള്ള 18 വർഷം ചെലവായ 132.62 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം മുൻ ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തിന്റെ പകർപ്പ് മനോരമ ഓൺലൈന് ലഭിച്ചു.
ഈ വർഷം ഒക്ടോബറിലാണ് ചീഫ് സെക്രട്ടറിയായിരുന്ന വി.വേണുവിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം കത്തയച്ചത്. കണക്കനുസരിച്ച് കേരള സർക്കാർ ചെലവായ തുക തിരിച്ചടച്ചിട്ടില്ലെന്നും തുക എത്രയും വേഗം തിരിച്ചടയ്ക്കണമെന്നും കത്തിൽ പറയുന്നുണ്ട്. കേരളത്തെ പ്രളയം വിഴുങ്ങിയ 2018 ഓഗസ്റ്റിൽ നടത്തിയ എയർലിഫ്റ്റിങിന് ചെലവായ തുകയും കണക്കിൽ വ്യക്തമായി പറയുന്നുണ്ട്. 2018 ഓഗസ്റ്റ് 18ന് മാത്രം 29.64 കോടി രൂപയാണ് എയർലിഫ്റ്റിങിന്റെ ഭാഗമായി കേരളം, കേന്ദ്ര സർക്കാരിന് നൽകാനുള്ളത്.