സ്വഭാവമാറ്റം പെട്ടെന്ന്, ആഴങ്ങളിലേക്കു വലിച്ചെടുക്കും; അപകട തിരമാലകൾ ഒളിപ്പിച്ച് മുരുഡേശ്വർ ബീച്ച്
Mail This Article
മംഗളൂരു ∙ ബീച്ച് ടൂറിസം ആസ്വദിക്കുന്ന മലയാളികൾ മനോഹരമായ ബീച്ചുകൾ തേടിപ്പിടിച്ചു പോകാറുണ്ട്. ഇതിനായി വടക്കൻ കേരളത്തിലെ യാത്രക്കാർ കൂടുതലും തിരഞ്ഞെടുക്കുന്ന സ്ഥലമാണു തീരദേശ കർണാടക. ബീച്ച് ടൂറിസം യാത്രികരെ ആകർഷിക്കുമ്പോഴും അത്തരം കേന്ദ്രങ്ങളിൽ അപകടങ്ങളും പതിയിരിക്കുന്നുണ്ട്. തീരദേശ കർണാടകയിൽ കടലിൽ മുങ്ങിമരിക്കുന്ന ആളുകളുടെ എണ്ണം കൂടുതലാണ്. കഴിഞ്ഞ ദിവസം കർണാടകയിലെ കോലാർ ജില്ലയിൽ നിന്നെത്തിയ സ്കൂൾ വിനോദയാത്രാ സംഘത്തിലെ 4 വിദ്യാർഥിനികൾ മുങ്ങിമരിച്ചത് ഉത്തര കന്നഡ മുരുഡേശ്വറിലെ ബീച്ചിലാണ്.
മുൻപും ഇത്തരം ദാരുണ സംഭവങ്ങൾ മുരുഡേശ്വർ ബീച്ചിൽ ഉണ്ടായിട്ടുണ്ട്. 2023ൽ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ നിന്നെത്തിയ ഡിഗ്രി വിദ്യാർഥി പവൻ നായിക്ക് ബീച്ചിലെ തിരയിൽപ്പെട്ടു മരിച്ചു. 2014ൽ ബെംഗളൂരു മാരുതി നഗർ സ്വദേശികളായ 4 വിനോദ സഞ്ചാരികളുടെ ജീവൻ നഷ്ടപ്പെട്ടതും ഇവിടെയാണ്. കഴിഞ്ഞ ദിവസത്തെ അപകടം ഉൾപ്പെടെ 3 സംഭവങ്ങളും നടന്നത് ഒരേ കാരണത്താൽ. ലൈഫ് ഗാർഡുകളുടെ നിർദേശങ്ങൾ ലംഘിച്ചു കടലിലേക്ക് ഇറങ്ങിയാണു മുരുഡേശ്വറിൽ അപകട മരണങ്ങൾ സംഭവിച്ചത്.
അപ്രതീക്ഷിതമായ കടൽ ഒരു നിമിഷം കൊണ്ട് ആഴങ്ങളിലേക്കു വലിച്ചെടുക്കും. കടലിന്റെ സ്വഭാവം മാറി വരുന്നതും പെട്ടെന്നാണെന്നു ലൈഫ് ഗാർഡുമാർ പറഞ്ഞു. കേരളത്തിൽ നിന്നുൾപ്പെടെയുള്ള ധാരാളം സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണു മുരുഡേശ്വർ. ക്ഷേത്രദർശനവും ശിവപ്രതിമയും ബീച്ചും എല്ലാം സംഗമിക്കുന്ന ഇവിടെ നൂറുകണക്കിനു സഞ്ചാരികളാണ് എത്തുന്നത്. വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ലൈഫ് ഗാർഡുകളുടെ പരിമിതിയും, അറിയിപ്പുകൾ അവഗണിച്ചു കടലിൽ ഇറങ്ങുന്നതുമാണ് അപകടങ്ങൾ വരുത്തിവയ്ക്കുന്നത്.
വിനോദസഞ്ചാരത്തിനായി ബീച്ചുകളിലേക്കു പോകുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ടതാണു നീന്തൽ സുരക്ഷ. നാം പോകുന്ന ബീച്ച് നീന്താൻ പറ്റുന്നവയാണോ എന്നറിയണം. നിർദേശങ്ങൾ തരാൻ ലൈഫ് ഗാർഡുകൾ ഉണ്ടെങ്കിൽ മാത്രമേ കടലിലേക്ക് ഇറങ്ങാവൂ. കടലിന്റെ സ്വഭാവം മാറുന്നതിന് അനുസരിച്ച് അവർ നമുക്കു സുരക്ഷയൊരുക്കും. കാലാവസ്ഥയ്ക്ക് അനുസരിച്ചു ബീച്ചുകളിലേക്കുള്ള യാത്രകളും ക്രമീകരിക്കാം. മഴക്കാലത്തും കാറ്റുള്ള സമയങ്ങളിലും ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുന്നതാണു നല്ലത്.