ഡിഎംഒമാർക്കു കൂട്ട സ്ഥലംമാറ്റം; പാർട്ടിക്കു താൽപര്യമുള്ളയാളെ കോഴിക്കോട്ടു നിയമിക്കാനെന്ന് പരാതി
Mail This Article
കോഴിക്കോട് ∙ ഭരണകക്ഷിക്കു താൽപര്യമുള്ളയാളെ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫിസറായി നിയമിക്കാൻ മറ്റു ജില്ലകളിലെ ഡിഎംഒമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയെന്ന് ആരോപണം. 4 ജില്ലകളിലെ ഡിഎംഒമാർ ഉൾപ്പെടെ 7 പേരെയാണ് സ്ഥലം മാറ്റിയത്. ഇതിനു പിന്നാലെ മൂന്നു ഡിഎംഒമാർ ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ ഓർഡർ വാങ്ങി. ഇതോടെ, തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് ഡിഎംഒ ഡോ. രാജേന്ദ്രൻ വീണ്ടും കോഴിക്കോട്ടു ചാർജ് എടുത്തു. ജില്ലാ മെഡിക്കൽ ഓഫിസറായി കഴിഞ്ഞ ദിവസം നിയമിതയായ ഡോ.ആശാദേവി തിരുവനന്തപുരത്ത് യോഗത്തിനു പോയപ്പോഴാണ് രാജേന്ദ്രൻ ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെത്തിയത്. സ്ഥലം മാറ്റത്തിൽ സ്റ്റേ വാങ്ങിയ കണ്ണൂർ, തിരുവനന്തപുരം ഡിഎംഒമാർ അതാത് ജില്ലകളിൽ തന്നെ തുടരുകയുമാണ്.
ഏതാനും ദിവസം മുൻപാണ് അഡീഷനൽ ഡയറക്ടർ തസ്തികയിലുള്ള 7 പേരെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്. വിരമിക്കാൻ ആറു മാസം മാത്രമുള്ളവരെയാണ് അപ്രതീക്ഷിതമായി ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. കണ്ണൂർ ഡിഎംഒയെ എറണാകുളത്തേക്കും എറണാകുളത്തുള്ളയാളെ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തുള്ളയാളെ കൊല്ലത്തേക്കുമാണ് മാറ്റിയത്. സീനിയോറിറ്റിയോ മറ്റു മാനദണ്ഡങ്ങളോ പാലിക്കാതെയാണ് സ്ഥലംമാറ്റം എന്നും ആരോപണമുണ്ട്.
ഇതിൽ ഒരു ഡോക്ടർക്ക് കണ്ണൂരിൽ നിയമനം നൽകാൻ കോടതി ഉത്തരവുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരക്കെ സ്ഥലം മാറ്റം നടപ്പാക്കിയത്. എന്നാൽ ഏറ്റവും ജൂനിയറായ, പാർട്ടി താൽപര്യമുള്ള ഡോക്ടർ ആവശ്യപ്പെട്ട സ്ഥലത്ത് ഡിഎംഒ ആയി നിയമിക്കാൻ വേണ്ടിയാണു മറ്റുള്ളവരെയും സ്ഥലം മാറ്റിയതെന്നാണ് ആക്ഷേപം. ഇതോടെയാണ് ഡോക്ടർമാർ ട്രൈബ്യൂണലിനെ സമീപിച്ചത്. വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ പലരേയും സ്വന്തം സ്ഥലത്തുനിന്ന് ഏറെ ദൂരേക്കാണ് മാറ്റിയത്. മഞ്ഞപ്പിത്തം, മുണ്ടിനീർ അടക്കമുള്ള രോഗങ്ങൾ പടരുന്നതിനിടെ, ഡിഎംഒമാരുടെ സ്ഥലം മാറ്റത്തെത്തുടർന്നുണ്ടായ അനിശ്ചിതത്വം ആരോഗ്യവകുപ്പിന്റെ തലപ്പത്ത് കാര്യങ്ങൾ കുഴഞ്ഞുമറിയുന്ന സ്ഥിതിയാക്കി.