‘വൈദ്യുതി മന്ത്രി നോക്കുകുത്തി; മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കുന്നു’
Mail This Article
കോഴിക്കോട്∙ മണിയാർ വൈദ്യുത പദ്ധതി കരാർ കാർബൊറണ്ടം കമ്പനിയുടെ താൽപര്യത്തിന് അനുകൂലമായി നീട്ടി നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 30 വർഷത്തേക്കുള്ള ബിഒടി കരാർ കാർബൊറാണ്ടം കമ്പനിക്ക് നീട്ടി നൽകുന്നത് അഴിമതിയാണെന്ന് ചെന്നിത്തല പറഞ്ഞു.
‘‘മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയെ നോക്കുകുത്തിയാക്കി. അവർ രണ്ടുപേരും പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കുന്ന വൈദ്യുതി മന്ത്രി ആ സ്ഥാനത്ത് തുടരേണ്ടതുണ്ടോ ? വ്യവസായ മന്ത്രി സ്വകാര്യ കമ്പനിക്ക് കൊള്ള ലാഭം ഉണ്ടാക്കാൻ കൂട്ടുനിൽക്കുന്നു. കോടികളുടെ അഴിമതിയാണ് നടക്കുന്നത്. കമ്പനിയുമായുള്ള 1991ലെ കരാർ പ്രകാരം കാലാവധിക്കുശേഷം കരാർ പുതുക്കി കൊടുക്കാം എന്ന് പറഞ്ഞിട്ടില്ല. വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് ഒരു നാശനഷ്ടവും കമ്പനിക്ക് ഉണ്ടായിട്ടില്ല. നാശനഷ്ടം ഉണ്ടായെങ്കിൽ ഇൻഷുറൻസ് ഈടാക്കാമല്ലോ. 30 വർഷം കഴിയുമ്പോൾ മണിയാർ പദ്ധതി സർക്കാരിനു കൈമാറണം എന്നാണ് ധാരണ. ഡിസംബർ 30ന് 30 വർഷം പൂർത്തിയാകും. 21 ദിവസം മുൻപ് കമ്പനിക്ക് നോട്ടിസ് നൽകണം. ആ നോട്ടിസ് സർക്കാർ നൽകിയില്ല. കാർബൊറണ്ടം കമ്പനിക്ക് 25 വർഷം കൂടി നൽകാനാണ് നീക്കം’’ – ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് പന്ത്രണ്ടോളം ജല വൈദ്യുത പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. മണിയാറിൽ കരാർ നീട്ടികൊടുത്താൽ മറ്റുള്ളവർക്കും നീട്ടി കൊടുക്കേണ്ടി വരും. ജന താൽപര്യത്തിനു പകരം മുതലാളിമാരുടെ താൽപര്യമാണ് വ്യവസായ വകുപ്പ് സംരക്ഷിക്കുന്നത്. വൈദ്യുതി വകുപ്പ് ഭരിക്കുന്നത് സിപിഎം ആണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.