അൻവറിന്റെ ഫോൺ ചോർത്തൽ: കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നോട്ടിസ് അയയ്ക്കാൻ ഹൈക്കോടതി നിർദേശം
Mail This Article
കൊച്ചി ∙ പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഉൾപ്പെടെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ നോട്ടിസ് അയക്കാൻ നിർദേശം നൽകി ഹൈക്കോടതി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഉൾപ്പെടെ നോട്ടിസ് അയക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.
താൻ നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന് പി.വി.അൻവർ എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തിൽ നിക്ഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനാണു ഹൈക്കോടതിയെ സമീപിച്ചത്.
സ്വർണക്കടത്ത്, കൊലപാതകവും ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണു ഫോൺ ചോർത്തിയതെന്നായിരുന്നു എംഎൽഎ പറഞ്ഞത്. എന്നാൽ ഇത് സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണ്. തന്റെ ഫോണും അൻവർ ചോർത്തിയെന്ന് സംശയമുണ്ടെന്നും ഹർജിക്കാരൻ അറിയിച്ചു.
വൻതുക മുടക്കി അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന് അൻവർ പരസ്യമായി സമ്മതിച്ചു. ഇത് ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾക്കു നേരെയുള്ള തുറന്ന വെല്ലുവിളിയാണ്. കേന്ദ്ര, സംസ്ഥാന ഏജൻസികൾക്കു വിദഗ്ധ ഏജൻസി വഴി അന്വേഷണം നടത്താനുള്ള ബാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്.