കൈവെട്ട് കേസ്: പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി; ജാമ്യം അനുവദിച്ചത് മൂന്നാം പ്രതി എം.കെ.നാസറിന്
Mail This Article
കൊച്ചി ∙ അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിൽ മുഖ്യ ആസൂത്രകനെന്ന് കണ്ടെത്തി എൻഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷ നൽകിയ മൂന്നാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് എം.കെ.നാസറിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 9 വർഷത്തിലേറെയായി ജയിലിലാണെന്നും അപ്പീൽ പരിഗണിക്കാൻ സമയമെടുക്കുമെന്നതും പരിഗണിച്ചാണു ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത്. ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിനെ 2010 ജൂലൈ നാലിനായിരുന്നു ആക്രമിച്ചത്.
കേസിലെ ഒന്നാം പ്രതി ഈയിടെയാണു കീഴടങ്ങിയത്. ഇയാളുടെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നതും മൂന്നാം പ്രതിയുടെ അപ്പീൽ പരിഗണിക്കുന്നത് നീണ്ടുപോകാൻ കാരണമായിരുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ 2015 നവംബർ ആറിനാണ് നാസർ കീഴടങ്ങിയത്. അന്നു മുതൽ കസ്റ്റഡിയിലാണെന്നും ജാമ്യാപേക്ഷയിൽ അറിയിച്ചിരുന്നു. 2021ൽ വിചാരണ ആരംഭിച്ച കേസിൽ കഴിഞ്ഞ വർഷമായിരുന്നു ശിക്ഷാ വിധി.
കുറ്റകൃത്യത്തിന്റെ ആസൂത്രണം മുതൽ പ്രതികളെ ഒളിപ്പിക്കുന്നതു വരെയുള്ള കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുകയും നടപ്പാക്കുകയും ചെയ്തത് എം.കെ.നാസറാണെന്നാണ് എൻഐഎ കേസ്. എന്നാൽ ഇയാൾ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല.