കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി; രോഗം സ്ഥിരീകരിച്ചത് കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ
Mail This Article
കോട്ടയം∙ ജില്ലയിലെ രണ്ടു പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റിയിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലും 2022ൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. വൈകാതെ ജില്ലയിലെ തന്നെ നെന്മേനി ഗ്രാമപഞ്ചായത്തിലും കണ്ണൂര്‍ ജില്ലയിലെ കാണിച്ചാര്‍ ഗ്രാമപഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു. രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നശിപ്പിക്കുകയും പ്രഭവകേന്ദ്രത്തിനു പുറത്ത് പത്ത് കിലോമീറ്റർ ചുറ്റളവിലെ പന്നി ഫാമുകളില്‍ രോഗനിരീക്ഷണം നടത്തിയുമാണ് അന്ന് രോഗത്തിന്റെ വ്യാപനത്തെ മൃഗസംരക്ഷണ വകുപ്പ് തടഞ്ഞുനിർത്തിയത്. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ വയനാട് ജില്ലയില്‍ 702 പന്നികളെയും കണ്ണൂര്‍ ജില്ലയില്‍ 247 പന്നികളെയും കൊന്നിരുന്നു.
2022ൽ ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും ആഫ്രിക്കന്‍ സ്വൈന്‍ ഫീവര്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള പന്നികള്‍, പന്നി മാംസം, പന്നി കാഷ്ഠം, തീറ്റ എന്നിവയുടെ നീക്കം നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു.