‘മണിയാര്‍ ജല വൈദ്യുത പദ്ധതിയിൽ കോടികളുടെ അഴിമതി; വൈദ്യുതി ബോര്‍ഡിന് പ്രതിവര്‍ഷം 18 കോടി നഷ്ടം’
Mail This Article
തിരുവനന്തപുരം∙ വൈദ്യുതി ബോര്‍ഡിന്റെ എതിര്‍പ്പ് മറികടന്ന് മണിയാര്‍ ജല വൈദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിയില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനു പിന്നില്‍ കോടികളുടെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മണിയാര്‍ പദ്ധതി 30 വര്‍ഷത്തേക്കാണ് കാര്‍ബോറാണ്ടം യൂണിവേഴ്സലിന് നല്‍കിയിരുന്നത്. കരാര്‍ അനുസരിച്ച് 30 വര്‍ഷം കഴിയുമ്പോള്‍ പദ്ധതി കെഎസ്ഇബിക്ക് തിരിച്ചു നല്‍കണം. എന്നാല്‍ പദ്ധതി തിരിച്ചു വാങ്ങിയില്ലെന്നു മാത്രമല്ല 25 വര്‍ഷത്തേക്ക് കൂടി കരാര്‍ ദീര്‍ഘിപ്പിച്ച് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി കൈവിട്ടു പോകുന്നതോടെ വൈദ്യുതി ബോര്‍ഡിന് പ്രതിവര്‍ഷം ശരാശരി 18 കോടി രൂപയുടെ നഷ്ടമുണ്ടാകും. വൈദ്യുതി നിരക്ക് വര്‍ധനയില്‍ ജനങ്ങളും സാമ്പത്തിക പ്രതിസന്ധിയില്‍ വൈദ്യുതി ബോര്‍ഡ് നട്ടംതിരിയുമ്പോഴാണ് മണിയാര്‍ ജല വൈദ്യുത പദ്ധതി സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ അടിയറവ് വയ്ക്കുന്നത്.
വൈദ്യുതി ബോര്‍ഡ് കോടിയുടെ കടത്തിലേക്ക് പോകുമ്പോഴും ഒരു ചര്‍ച്ചയും നടത്താതെ മണിയാര്‍ പദ്ധതി നല്‍കിയതിന് പിന്നില്‍ അഴിമതിയുണ്ട്. വ്യവസായ മന്ത്രിയാണ് ഇടപാടിന് പിന്നില്‍. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇടപാട് നടന്നത്. പദ്ധതി കെഎസ്ഇബിക്ക് മടക്കി നല്‍കണം. കരാര്‍ ലംഘനത്തിന്റെ പേരില്‍ 2022ല്‍ കാര്‍ബോറാണ്ടം കമ്പനിക്ക് കെഎസ്ഇബി നോട്ടിസ് നല്‍കിയിരുന്നു. വൈദ്യുതിക്ക് വിലക്കുറവുള്ള സമയം പുറത്തു നിന്നു വൈദ്യുതി വാങ്ങുകയും വില കൂടുമ്പോള്‍ കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കിയ വൈദ്യുതി തിരികെ എടുക്കുകയും ചെയ്തതിനാണ് നോട്ടിസ് നല്‍കിയത്. കരാര്‍ ലംഘനം നടത്തിയ കമ്പനിക്ക് തന്നെ 25 വര്‍ഷത്തേക്ക് കരാര്‍ പുതുക്കി നല്‍കുന്നത് ആരുടെ താല്‍പര്യമാണെന്നും, സംസ്ഥാന താല്‍പര്യമാണോ സ്വകാര്യ കമ്പനിയുടെ താല്‍പര്യമാണോ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മണിയാറില്‍ 12 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കായി 1991 മേയ് 18 നാണ് കെഎസ്ഇബി കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡുമായി ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ട്രാന്‍സഫര്‍ വ്യവസ്ഥ (ബിഒടി) പ്രകാരം 30 വര്‍ഷത്തേക്ക് കരാറില്‍ ഒപ്പിട്ടത്. 1994 ല്‍ ഉല്‍പാദനം തുടങ്ങി ഈ വര്‍ഷം ഡിസംബറില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായി. കരാര്‍ കാലാവധി കഴിഞ്ഞാല്‍ ജനറേറ്റര്‍ ഉള്‍പ്പടെയുള്ള യന്ത്രസാമഗ്രികള്‍ അടക്കം സംസ്ഥാനത്തിന് കൈമാറണമെന്നായിരുന്നു വ്യവസ്ഥ. പദ്ധതി ഏറ്റെടുത്ത് കൈമാറണമെന്ന് കാണിച്ച് കെഎസ്ഇബി ഊര്‍ജ്ജ വകുപ്പിന് കത്തും നല്‍കി. കത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. സ്വകാര്യ കമ്പനിക്ക് കരാര്‍ നീട്ടിക്കൊടുക്കാന്‍ വ്യവസായ വകുപ്പില്‍ ഗൂഢനീക്കമുണ്ടായതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.