‘പാർലമെന്റ് കുഴിച്ച് എന്തെങ്കിലും കണ്ടെത്തിയാൽ പാർലമെന്റ് എന്റേതാകുമെന്നാണോ?; ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു’
Mail This Article
ന്യൂഡൽഹി∙ തർക്കങ്ങൾക്ക് ആക്കം കൂട്ടാൻ മതചരിത്രത്തെ ദുരുപയോഗം ചെയ്യുന്നതായി പാർലമെന്റിൽ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. മുസ്‍ലിങ്ങൾ അടക്കം സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഉവൈസി പ്രസംഗത്തിൽ പരാമർശിച്ചു. ഭരണഘടനാ അവകാശങ്ങൾ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ ഉവൈസി വിമർശിക്കുകയും ചെയ്തു.
‘‘പാർലമെന്റ് കുഴിച്ച് ഞാൻ എന്തെങ്കിലും കണ്ടെത്തിയാൽ, അതിനർഥം പാർലമെന്റ് എന്റേതാകുമെന്നാണോ’’– ഉവൈസി ചോദിച്ചു. ‘‘പല സംസ്ഥാനങ്ങളും നിയമങ്ങൾ കൊണ്ടുവരുന്നു. ഹരിയാനയിലും രാജസ്ഥാനിലും ഗോവധ നിരോധനം കൊണ്ടുവന്നു. ഗോസംരക്ഷകർക്ക് പൊലീസ് അധികാരങ്ങൾ നൽകുകയും ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തി അവർ അത് ദുരുപയോഗം ചെയ്യുകയും ചെയ്തു. ബംഗാളിൽ നിന്നുള്ള സാബിർ മാലിക് എന്ന കുട്ടിയെ മാർക്കറ്റിൽ വച്ച് മർദ്ദിച്ച് കൊലപ്പെടുത്തി’’– ഉവൈസി വിശദീകരിച്ചു.
ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലും ഉവൈസി ആശങ്ക പ്രകടിപ്പിച്ചു. മതസ്വാതന്ത്ര്യത്തിനും സാംസ്കാരിക സ്വത്വത്തിന്റെ സംരക്ഷണത്തിനും ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ ഇല്ലാതാക്കപ്പെടുകയാണെന്ന് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 25, 26, 29, 30 എന്നിവയെ പരാമർശിച്ച് ഉവൈസി പറഞ്ഞു. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിൽനിന്ന് എന്റെ പെൺമക്കളെ തടയുന്നു. ആർട്ടിക്കിൾ 25 ന്റെ വിജയം എവിടെയാണെന്നും ഉവൈസി ചോദിച്ചു.