ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാൻ ഇസ്രയേൽ; താമസിക്കാൻ എത്തുന്നത് 20,000 പേർ
Mail This Article
ടെൽ അവീവ്∙ സിറിയയിൽ ബഷാർ അസദ് സർക്കാരിന്റെ പതനത്തിനു പിന്നാലെ ഗോലാൻ കുന്നുകളിലെ കുടിയേറ്റം ഇരട്ടിയാക്കാൻ തീരുമാനിച്ച് ഇസ്രയേൽ. ഗോലാൻ കുന്നുകളിൽ സെറ്റിൽമെന്റുകൾ സ്ഥാപിച്ച് കുടിയേറ്റം ശക്തമാക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സർക്കാർ അംഗീകാരം നൽകി. ഗോലാൻ കുന്നിൽ നിലവിലുള്ള ഇസ്രയേൽ ജനതയുടെ എണ്ണം ഇരട്ടിയാക്കാനാണു നീക്കം. അസദിന്റെ വീഴ്ചയോടെ സിറിയയുമായുള്ള ഇസ്രയേലിന്റെ അതിർത്തിയിൽ പുതിയ സൈനിക മുന്നണി ശക്തിപ്രാപിച്ച സാഹചര്യത്തിലാണു തീരുമാനമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
സിറിയയിൽ ഭരണം പിടിച്ച വിമതസംഘമായ ഹയാത് തെഹ്രീർ അൽഖാം (എച്ച്ടിഎസ്) നിലവിൽ മൃദുസമീപനമാണ് പുലർത്തുന്നതെങ്കിലും ഇസ്രയേലിന് ഭീഷണി നിലനിൽക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. അസദ് രാജ്യംവിട്ടതിനു പിറ്റേന്ന് സിറിയയെ ഗോലാൻ കുന്നുകളിൽനിന്ന് വേർതിരിക്കുന്ന യുഎൻ ബഫർ സോണിലേക്ക് ഇസ്രയേൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഡമാസ്‌കസിലെ ഭരണമാറ്റം വെടിനിർത്തൽ കരാർ ചർച്ചകളെ തകർക്കുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇത്. സിറിയയുമായി ഇസ്രയേലിന് സംഘർഷത്തിന് താൽപര്യമില്ലെന്നും നിലവിലെ സാഹചര്യത്തിന് അനുസരിച്ചു സിറിയയുമായി ബന്ധപ്പെട്ട നയങ്ങൾ ഇസ്രയേൽ തീരുമാനിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
നിലവിൽ മുപ്പതോളം ഇസ്രയേൽ സെറ്റിൽമെന്റുകളാണ് ഗോലാൻ കുന്നിലുള്ളത്. ഇതിൽ ഇരുപതിനായിരത്തോളം പേർ താമസിക്കുന്നു. അത്രതന്നെ സിറിയൻ പൗരന്മാരും ഇവിടെയുണ്ട്. ഗോലാനിലേക്ക് 20,000 പേരെ കൂടി കൊണ്ടുവരാനാണ് ഇസ്രയേൽ നീക്കം. 1967ലെ ആറുദിന യുദ്ധത്തിൽ ഗോലാൻ കുന്നുകളുടെ ഭൂരിഭാഗവും ഇസ്രയേൽ സിറിയയിൽനിന്ന് പിടിച്ചെടുത്തിരുന്നു. രാജ്യാന്തര തലത്തിൽ ഇസ്രയേലിന്റേത് അനധികൃത കുടിയേറ്റമായാണ് കണക്കാക്കുന്നതെങ്കിലും 2019ൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായിരുന്ന അന്നത്തെ യുഎസ് സർക്കാർ ഗോലാൻ കുന്നുകളിൽ ഇസ്രയേലിന്റെ സ്വയംഭരണാധികാരത്തെ പിന്തുണച്ചിരുന്നു.