സിറിയയിൽ ഇസ്രയേലിന്റെ ബോംബാക്രമണം റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തി; ‘ഭൂകമ്പ തീവ്രത 3’ !
Mail This Article
ഡമാസ്ക്കസ്∙ സിറിയയിൽ ഇസ്രയേൽ സൈന്യം നടത്തിയ ശക്തിയേറിയ ബോംബാക്രമണം ഭൂകമ്പത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതിനുള്ള റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയതായി വിദഗ്ധർ. ടാർട്ടസിലെ ആയുധപ്പുരയിലെ സ്ഫോടനം 820 കിലോമീറ്റർ അകലെ തുർക്കിയിലെ ഇസ്നിക്കിലുള്ള മാഗ്നെറ്റോമീറ്റർ സ്റ്റേഷനിൽ രേഖപ്പെടുത്തിയതായി സ്വതന്ത്ര ഗവേഷകൻ റിച്ചാർഡ് കോർഡാരോ എക്സിൽ കുറിച്ചു. ഭൂകമ്പ തീവ്രത മൂന്നാണ് രേഖപ്പെടുത്തിയത്.
കനത്ത ആക്രമണമാണ് കഴിഞ്ഞ ദിവസം ഇസ്രയേൽ സിറിയയിൽ നടത്തിയത്. 2012നുശേഷം ഇസ്രയേൽ സിറിയയിൽ നടത്തുന്ന വലിയ ആക്രമണമാണിത്. സൈനിക കേന്ദ്രങ്ങളെയും ആയുധശാലകളെയും മിസൈൽ പ്രതിരോധ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ആധുനിക ആയുധങ്ങൾ സംഭരിച്ചിരിക്കുന്ന കേന്ദ്രങ്ങളെയാണ് ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിട്ടത്. സിറിയയുടെ ആധുനിക ആയുധങ്ങൾ ഹിസ്ബുല്ല അടക്കമുള്ള സായുധ സംഘങ്ങൾക്ക് ലഭിക്കാതിരിക്കാനാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്. സിറിയയിൽ വിമതർ സർക്കാർ രൂപീകരിച്ചതിനുശേഷമാണ് ഇസ്രയേൽ ആക്രമണം ആരംഭിച്ചത്.