യുവാവിനെ റോഡിൽ വലിച്ചിഴച്ച കാർ കണ്ടെത്തി; പ്രതികൾ 4 പേർ, ഉടൻ പിടിയിലാകുമെന്ന് പൊലീസ്
Mail This Article
മാനന്തവാടി∙ പയ്യമ്പള്ളി കൂടൽക്കടവിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിലെ കാർ കണ്ടെത്തി. കണിയാമ്പറ്റയിലെ ഒരു വീട്ടിൽനിന്നാണു വാഹനം കണ്ടെത്തിയത്. കാർ മാനന്തവാടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. നാലു പേരാണ് സംഭവത്തിൽ പ്രതികളെന്നു പൊലീസ് അറിയിച്ചു. ഇന്നു തന്നെ പ്രതികളെ പിടികൂടാൻ സാധിക്കുമെന്നാണു കരുതുന്നതെന്നും പൊലീസ് പറഞ്ഞു. മലപ്പുറം സ്വദേശിയുടേതാണു കാർ.
കൂടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതനെയാണ് കാറിൽ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയത്. പയ്യംമ്പള്ളി കൂടൽകടവിൽ തടയണ കാണാനെത്തിയ 2 സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. ഇതു തടയാനെത്തിയപ്പോഴാണ്, കാറിന്റെ ഡോറിൽ കൈ കുടുക്കി മാതനെ വലിച്ചിഴച്ച് കൊണ്ടുപോയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അന്വേഷണം നടത്തി എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടാൻ മന്ത്രി ഒ.ആർ.കേളു പൊലീസിനു നിർദേശം നൽകി. കർശന നടപടി വേണമെന്നു മനുഷ്യാവകാശ കമ്മിഷനും നിർദേശം നൽകി. വയനാട് ജില്ലാ പൊലീസ് മേധാവിക്കാണ് നിർദേശം നൽകിയത്. പ്രിയങ്ക ഗാന്ധി എംപി ഉൾപ്പെടെയുള്ളവർ സംഭവത്തിൽ ഇടപെട്ടു. പ്രതിഷേധവുമായി ആദിവാസി സംഘടനകളും രംഗത്തെത്തി.