ADVERTISEMENT

കൊച്ചി ∙ കേരളത്തിൽ വർധിച്ചു വരുന്ന റോഡപകടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചും വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി സിപിഎം സമ്മേളനം നടത്തിയതിൽ രൂക്ഷവിമർശനം തുടർന്നും ഹൈക്കോടതി. സംസ്ഥാനത്ത് അലക്ഷ്യമായ വാഹനമോടിക്കൽ വർധിച്ചുവരികയാണെന്നും ഇത് ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിൽ നടപ്പാത തടഞ്ഞ് സമരം ചെയ്തതിലും വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി രാഷ്ട്രീയ പാർട്ടി സമ്മേളനം നടത്തിയതിലും കോടതിയലക്ഷ്യ കേസ് എടുക്കുന്നത് പരിഗണിക്കുകയാണെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കോടതിയലക്ഷ്യ ഹർജി ബുധനാഴ്ച ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും.

സിപിഎമ്മിന്റെ പാളയം ഏരിയ സമ്മേളനം വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി നടത്തിയതിൽ രൂക്ഷ വിമർശനം ഹൈക്കോടതി ഇന്നും തുടർന്നു. റോഡിൽ എങ്ങനെയാണ് സ്റ്റേജ് നിർമിച്ചതെന്ന് കോടതി ആരാഞ്ഞു. ഇതിനു വേണ്ടി റോഡ് കുത്തിപ്പൊളിച്ചെങ്കിൽ കേസ് ഇനിയും ഗുരുതരമാകും. റോ‍ഡ് അടച്ചുകെട്ടുന്നതും നടപ്പാത തടസപ്പെടുത്തുന്നതുമൊക്കെ സംബന്ധിച്ച് 2021ലെ ഉത്തരവുണ്ട്. ഇത് ലംഘിച്ചിരിക്കുകയാണ്. ഇതിന് പരിപാടിയുടെ സംഘാടകരും അതിൽ പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

സിപിഐയുടെ ജോയിന്റ് കൗൺസിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടപ്പാത അടച്ചുകെട്ടി സമരം നടത്തിയതും കോടതി പരിഗണിച്ചു. ഇത് നിയമലംഘനമാണെന്ന് വ്യക്തമാക്കിയ കോടതി, സംസ്ഥാനത്ത് ഫുട്പാത്തിൽ നടക്കുന്നവർക്ക് പോലും രക്ഷയില്ലെന്നും പറഞ്ഞു. പാലക്കാട് പനയമ്പാടത്ത് 4 വിദ്യാർഥിനികൾ ലോറി മറിഞ്ഞ് മരിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി. ബസ് കാത്തും മറ്റും ആളുകൾ റോഡരുകിൽ നിൽക്കാറുണ്ട്. ആളുകൾക്ക് നടക്കാനുള്ള ഫുട്പാത്തുകൾ അടച്ചുകെട്ടുന്നത് ഒട്ടേറെ നിയമങ്ങൾ ലംഘിക്കലാണെന്നും കോടതി പറഞ്ഞു.

English Summary:

The Kerala High Court on Road safety: High Court expresses concern over rising road accidents and criticizes the CPM for blocking roads, emphasizing the importance of road and pedestrian safety in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com