ചോദ്യപേപ്പർ ചോർച്ച: അന്വേഷണത്തിന് ആറംഗ സമിതി; അധ്യാപകരുടെ സ്വകാര്യ ട്യൂഷനും അന്വേഷിക്കും
Mail This Article
തിരുവനന്തപുരം∙ ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്. അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അന്വേഷണം നടത്തി ഒരുമാസത്തിനകം സമിതി റിപ്പോർട്ട് നൽകണം.
ചോദ്യപേപ്പർ ചോർച്ച മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ചോദ്യപേപ്പർ വിതരണത്തിൽ വീഴ്ചയുണ്ടെങ്കിൽ പരിഹരിക്കും. കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് ഡിജിപിയെ നേരിട്ട് കണ്ട് പരാതി നൽകിയിട്ടുണ്ട്.
അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ എടുക്കൽ അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. ചില അധ്യാപകർ പകുതി സമയം സ്കൂളിലും പകുതി സമയം ട്യൂഷൻ ക്ലാസിലുമാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും. സ്വകാര്യ ട്യൂഷൻ സെന്ററായ എംഎസ് സൊല്യൂഷൻസ് മര്യാദയുടെ അതിർവരമ്പുകൾ ലംഘിച്ചു. സ്വാർഥലാഭമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കർശന നടപടികളുമായി മുന്നോട്ടുപോകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.