സൂഫി നൽകിയ പേര്, ഭാഗ്യമുള്ള കുട്ടി; കേരളത്തെ ഹൃദയത്തോടു ചേർത്ത ഉസ്താദ്
Tabla Maestro Ustad Zakir Hussain
Mail This Article
ഉസ്താദ് അല്ലാ രഖയ്ക്ക് മൂന്നു പെൺമക്കൾക്കു ശേഷം ജനിച്ച മകനായിരുന്നു സാക്കിർ ഹുസൈൻ. മുംബൈയിലെ മാഹിമിലെ നഴ്സിങ് ഹോമിൽ അദ്ദേഹം ജനിക്കുമ്പോൾ ഗുരുതര രോഗബാധിതനായി ആശുപത്രിയിലായിരുന്നു പിതാവ് അല്ലാ രഖ. മകന്റെ ജനനം കൊണ്ടുള്ള നിർഭാഗ്യമാണ് അല്ലാ രഖയുടെ രോഗമെന്നായിരുന്നു അമ്മ ബാവി ബീഗത്തിന്റെ വിശ്വാസം.
കുട്ടി ജനിച്ച് ഏതാനും ദിവസം കഴിഞ്ഞ് അവിടെയെത്തിയ ഒരു സൂഫി വര്യൻ ബാവി ബീഗത്തെ ആശ്വസിപ്പിച്ചു. കുഞ്ഞിന്റെ ജനനം നിർഭാഗ്യമല്ലെന്നും അവൻ ഭാഗ്യമുള്ള കുട്ടിയാണെന്നും അല്ലാ രഖയുടെ രോഗം ഭേദമാകുമെന്നും പറഞ്ഞ സൂഫി, ഒരു കാര്യം കൂടി പറഞ്ഞു – അവന് സാക്കിർ ഹുസൈൻ എന്നു പേരിടണം. ബാവി ബീഗം അത് അനുസരിച്ചു. കുടുംബപ്പേരായ ഖുറൈഷി എന്നതിനു പകരം കുട്ടിക്ക് സാക്കിർ ഹുസൈൻ എന്നു പേരിട്ടു. സൂഫി വര്യൻ പ്രവചിച്ചതു പോലെ ഏതാനും ദിവസത്തിനകം അല്ലാ രഖ രോഗമുക്തനായി വീട്ടിലെത്തി. അപ്പോഴാണ് അദ്ദേഹം ആദ്യമായി മകനെ കണ്ടത്.
ഉസ്താദ് അല്ലാ രഖയുടെ കൈകളിലേക്ക് ബാവി ബീഗം കൈക്കുഞ്ഞിനെ നൽകിയപ്പോൾ, അവനെ നെഞ്ചോടു ചേർത്ത് അദ്ദേഹം കാതിൽ പറഞ്ഞത് തബലയുടെ ബോലുകളായിരുന്നു. പിതാവുമായി വലിയ അടുപ്പത്തിലായിരുന്നു സാക്കിർ ഹുസൈൻ.
കേരളത്തെ എന്നും ഹൃദയത്തോടു ചേർത്തു നിർത്തിയിരുന്നു ഉസ്താദ്. പാലക്കാട് മണി അയ്യരും പെരുവനം കുട്ടൻ മാരാരും പല്ലാവൂർ അപ്പു മാരാരും അടക്കമുള്ള, കേരളത്തിലെ താളവാദ്യ ഇതിഹാസങ്ങളെ ഉസ്താദ് ആദരവോടെയാണു കണ്ടിരുന്നത്. കേരളത്തെപ്പറ്റി നോവു പടർന്ന ഒരു ഓർമയും ഉസ്താദിനുണ്ടായിരുന്നു. അദ്ദേഹം 2000 ൽ കോഴിക്കോട്ട് മലബാർ മഹോത്സവത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു പിതാവും തബലയിലെ ഇതിഹാസവുമായ ഉസ്താദ് അല്ലാ രഖ അന്തരിച്ചത്. പിതാവിനെ ഗുരുവും ദൈവവുമായി കണ്ടിരുന്ന സാക്കിർ ഹുസൈന് അതു തീരാത്ത നോവായി.
മലയാളത്തിന്റെ വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ. കരുൺ ‘വാനപ്രസ്ഥം’ എന്ന ചിത്രമൊരുക്കിയപ്പോൾ സംഗീതം നൽകാൻ സമീപിച്ചത് ഉസ്താദിനെയായിരുന്നു. കേളിയുടെ വാർഷികത്തിനു പെരുവനം ഗ്രാമം സന്ദർശിച്ച ഉസ്താദിനെ സ്വാഗതം ചെയ്തതു പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ ഒരുക്കിയ പാണ്ടിമേളത്തോടെയാണ്. അന്ന് അവിടെ അവതരിപ്പിച്ച, നാലര മണിക്കൂറോളം നീണ്ട പരിപാടിയെപ്പറ്റി പിന്നീട് ഉസ്താദ് പറഞ്ഞത് ജീവിതത്തിലെ അമൂല്യമായ അനുഭവമെന്നാണ്.