കാനഡ ധനമന്ത്രി ക്രിസ്റ്റിയ രാജിവച്ചു; ജനരോഷം ശക്തമാകവേ ട്രൂഡോയുടെ വിശ്വസ്തയുടെ പടിയിറക്കം
Mail This Article
ഒട്ടാവ∙ കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിൽനിന്ന് ധനമന്ത്രിയും ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചു. ട്രൂഡോ സർക്കാരിനെതിരെ ജനരോഷം ശക്തമാകുന്ന ഘട്ടത്തിലാണ്, വിശ്വസ്തയായ ധനമന്ത്രിയുടെ രാജി. സാമ്പത്തിക പ്രതിസന്ധി, യുഎസുമായും ഇന്ത്യയുമായുള്ള നയതന്ത്ര തർക്കങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണു രാജി. പാർട്ടി അതിന്റെ കഠിനമായ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ട്രൂഡോ പറഞ്ഞു. ഭാവി പരിപാടികൾ അദ്ദേഹം വിശദീകരിച്ചില്ല. തിരഞ്ഞെടുപ്പ് നടത്തണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
ധനമന്ത്രിസ്ഥാനം ഒഴിയണമെന്നും മന്ത്രിസഭയിൽ മറ്റൊരു പദവി നൽകാമെന്നും ട്രൂഡോ പറഞ്ഞതായി ക്രിസ്റ്റിയ പറഞ്ഞു. ട്രൂഡോയുമായി കുറച്ചു നാളായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും രാജ്യത്തിനുവേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ക്രിസ്റ്റിയ രാജിക്കത്തിൽ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ സത്യസന്ധമായ മാർഗം രാജിയാണ്. രാജ്യം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. ഡോണൾഡ് ട്രംപ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സാമ്പത്തിക നയങ്ങളും നിയന്ത്രണങ്ങളും കാനഡയ്ക്കു ഭീഷണിയാണ്. ശക്തിയോടെ, ഒറ്റക്കെട്ടായി നിന്നാൽ രാജ്യം വിജയിക്കുമെന്നും അവർ വ്യക്തമാക്കി. മാധ്യമപ്രവർത്തകയായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ് 2013 ലാണ് പാർലമെന്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വർഷത്തിനു ശേഷം ട്രൂഡോ മന്ത്രിസഭയിലെ അംഗമായി.