കുട്ടികളുണ്ടാകാൻ മന്ത്രവാദിയുടെ നിർദേശം: ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
Mail This Article
റായ്പുർ ∙ കുട്ടികളുണ്ടാകാൻ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് മരിച്ചു. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ അംബികാപുരിലാണ് സംഭവം. ആനന്ദ് കുമാർ യാദവ് (35) ആണ് മരിച്ചത്.
വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് മന്ത്രവാദം നടത്തിയത്. കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങിയാൽ കുട്ടികളുണ്ടാകുമെന്ന് മന്ത്രവാദി വിശ്വസിപ്പിക്കുകയായിരുന്നു. കോഴിയെ വിഴുങ്ങിയ ആനന്ദ് വീട്ടിൽ കുഴഞ്ഞു വീണു. അംബികാപുർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആനന്ദിന്റെ തൊണ്ടയില്‍ കുടുങ്ങിയ കോഴിക്കുഞ്ഞിനെ പോസ്റ്റുമോർട്ടത്തിൽ പുറത്തെടുത്തതായി ഡോക്ടർമാർ പറഞ്ഞു. ശ്വാസം മുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മന്ത്രവാദിയുടെ വാക്കു വിശ്വസിച്ചാണ് ആനന്ദ് കോഴിയെ വിഴുങ്ങിയതെന്ന് ഗ്രാമീണർ മാധ്യമങ്ങളോട് പറഞ്ഞു. കുളി കഴിഞ്ഞയുടനെ ആനന്ദ് കുഴഞ്ഞു വീണെന്നും ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചെന്നുമാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. വിശദമായ അന്വേഷണം നടക്കുകയാണ്.