ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിൽ 2 പേർ പിടിയിൽ; അറസ്റ്റ് ബസിൽ കൽപറ്റയിലേക്ക് വരുന്നതിനിടെ
Mail This Article
മാനന്തവാടി∙ പയ്യമ്പള്ളി കൂടല്‍കടവില്‍ ആദിവാസി യുവാവ് മാതനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പേർ പിടിയിൽ. കണിയാമ്പറ്റ പച്ചിലക്കാട് പുത്തൻ പീടികയിൽ മുഹമ്മദ് അർഷിദ്, കണിയാമ്പറ്റ പച്ചിലക്കാട് പടിക്കം വയൽ കക്കാറയ്ക്കൽ അഭിരാം എന്നിവരെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ബസിൽ കൽപറ്റയിലേക്കു വരുന്നതിനിടെയാണ് പ്രതികളെ പിടിച്ചത്. വാഹനം ഓടിച്ചത് അര്‍ഷിദാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
പനമരം കുന്നുമ്മൽ വിഷ്ണു, പനമരം താഴെപുനത്തിൽ നബീൽ കമർ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ഇവർ ഉപയോഗിച്ചിരുന്ന കാർ ഇന്നലെ പിടിച്ചെടുത്തിരുന്നു. രാത്രി വൈകിയും ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി. വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണു പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കൂടല്‍ക്കടവ് തടയണയില്‍ കുളിക്കാന്‍ എത്തിയ യുവാക്കള്‍ ചെമ്മാട് ഉന്നതിയിലെ മാതനെ വാഹനത്തില്‍ കുടുക്കി റോഡിലൂടെ വലിച്ചിഴച്ചു പരുക്കേല്‍പ്പിച്ചത്. സാരമായി പരുക്കേറ്റ മാതൻ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അരക്കിലോമീറ്ററോളമാണ് മാതനെ പ്രതികള്‍ റോഡിലൂടെ വലിച്ചിഴച്ചത്.
പുല്‍പ്പള്ളി റോഡില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ചെക്ക് ഡാം കാണാന്‍ എത്തിയ രണ്ട് സംഘങ്ങൾ തമ്മിൽ വാക്കു തർക്കമുണ്ടായപ്പോഴാണ് മാതൻ ഇടപെട്ടത്. തുടർന്ന് മാതനെ ആക്രമിക്കുകയായിരുന്നു. മന്ത്രി ഒ.ആർ.കേളു മാതനെ ആശുപത്രിയിലെത്തി സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. പ്രിയങ്ക ഗാന്ധി എംപി ഉൾപ്പെടെയുള്ളവർ സംഭവത്തിൽ ഇടപെട്ടു കർശന നടപടി സ്വീകരിക്കണമെന്നു നിർദേശം നൽകിയിരുന്നു.