ചോദ്യപേപ്പർ ചോർത്തിയില്ല, ചോദ്യങ്ങൾ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ വിഡിയോയിൽനിന്ന്: വിശദീകരിച്ച് എസ്എം സൊല്യൂഷൻ
Mail This Article
കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർച്ചയിൽ വിശദീകരണവുമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ സ്ഥാപനത്തിലെ ജീവനക്കാർ. മറ്റു ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് വിഡിയോ തയാറാക്കിയതെന്നാണ് ഇവർ നൽകുന്ന വിശദീകരണം. ജീവനക്കാർ ഇന്ന് കൊടുവള്ളിയിലെ സ്ഥാപനത്തിൽ എത്തിയിരുന്നു. എന്നാൽ സ്ഥാപന ഉടമ ശുഹൈബ് എത്തിയില്ല.
ചോദ്യപ്പേപ്പർ ചോർത്തിയിട്ടില്ലെന്ന നിലപാടിലാണ് ജീവനക്കാർ. പരീക്ഷയുടെ തൊട്ടുമുൻപത്തെ ദിവസം രാത്രി 7 മണിയോടെ മറ്റുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വിഡിയോ തയാറാക്കിയിരുന്നു. അവയെല്ലാം നോക്കി രാത്രി 12 മണിക്ക് ശേഷമാണ് എംഎസ് സൊല്യൂഷൻ വിഡിയോ തയാറാക്കിയത്. അതാണ് ചോദ്യപ്പേപ്പറിലുള്ള കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടാൻ കാരണം എന്നാണ് വിശദീകരണം.
ചോർന്ന ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പറിൽ ഉണ്ടായിരുന്ന ചോദ്യങ്ങൾ മറ്റ് ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ വന്നതിനേക്കാൾ ഇരട്ടി എംഎസ് സൊല്യൂഷന്റെ വിഡിയോയിലാണ് ഉണ്ടായിരുന്നത്. മറ്റ് ഓൺലൈൻ പ്ലാറ്റഫോമുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സ്ഥാപനത്തിലെ അധ്യാപകൻ പറഞ്ഞു.