ത്രികക്ഷി കരാര്‍ വേണ്ട, കേന്ദ്ര നിർദേശങ്ങൾ അംഗീകരിക്കില്ല; ശബരി റെയിൽപ്പാതയുടെ 50 ശതമാനം കിഫ്ബി വഴി

Mail This Article
തിരുവനന്തപുരം∙ അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത സംബന്ധിച്ച് കേന്ദ്രനിര്‍ദേശങ്ങള്‍ കേരളം അംഗീകരിക്കില്ല. ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്നും ആദ്യഘട്ടത്തില്‍ സിംഗിള്‍ ലൈനുമായി മുന്നോട്ടുപോകാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിര്‍മാണ ചെലവിന്റെ 50 ശതമാനം കിഫ്ബി വഴിയാക്കാമെന്നും സംസ്ഥാനം വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതിക്കായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കും.
രണ്ടുഘട്ടമായി പദ്ധതി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ അങ്കമാലി, എരുമേലി, നിലയ്ക്കല്‍ ലൈന്‍ ആണ് പൂര്‍ത്തീകരിക്കുന്നത്. ഇരട്ടപ്പാത നടപ്പാക്കണമെന്ന കേന്ദ്രനിര്‍ദേശം അംഗീകരിച്ചാല്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ഇതു താങ്ങാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. രണ്ടാംഘട്ടത്തില്‍ പാത ഇരട്ടിപ്പിക്കല്‍ പരിഗണിക്കാമെന്നും ധാരണയായി. യോഗത്തില്‍ ദക്ഷിണ റെയില്‍വേ, കെആര്‍ഡിസിഎല്‍ ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലാ കലക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എരുമേലി മുതല്‍ പമ്പ വരെയുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നതിനൊപ്പം ഇരട്ടപ്പാതയ്ക്കുള്ള ചെലവു പങ്കിടണമെന്ന നിര്‍ദേശമാണ് റെയില്‍വേയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാല്‍ ഒറ്റവരിപ്പാതയായി 1997ല്‍ അനുമതി ലഭിച്ച പദ്ധതിയില്‍ ഇരട്ടപ്പാതയുടെ ചെലവ് അറിയിക്കണമെന്ന പുതിയ നിര്‍ദേശം, പദ്ധതി മുടക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് ആക്ഷേപം. ചെലവു പങ്കിടാനുള്ള കത്ത് കേരളം നല്കിയപ്പോള് റിസര്‍വ് ബാങ്കിനെ ഉള്‍പ്പെടുത്തി ത്രികക്ഷി കരാര്‍ വേണമെന്ന നിര്‍ദേശം റെയില്‍വേ മന്ത്രിയാണു മുന്നോട്ടുവച്ചത്. ഒറ്റവരിപ്പാതയ്ക്കു 3810 കോടി രൂപയാണ് എസ്റ്റിമേറ്റ്. ഇരട്ടപ്പാതയാകുമ്പോള്‍ നിര്‍മാണച്ചെലവ് വര്‍ധിക്കുന്നതു പദ്ധതിയെ ദോഷകരമായി ബാധിക്കുമെന്നാണ് കേരളത്തിന്റെ ആശങ്ക.