2025 മുതൽ എൻടിഎ നടത്തുക ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകൾ മാത്രം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി
Mail This Article
ന്യൂഡൽഹി∙ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) 2025 മുതൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകൾ നടത്തുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. വരുന്ന വർഷം മുതൽ ഏതെങ്കിലും റിക്രൂട്ട്‌മെന്റ് പരീക്ഷകൾ നടത്തുന്നത് ഏജൻസി അവസാനിപ്പിക്കും. ഇതുകൂടാതെ, 2025ൽ 10 പുതിയ തസ്തികകളോടെ എൻടിഎ പുനഃസംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
‘‘2025ൽ ഏജൻസി പുനഃക്രമീകരിക്കും. കുറഞ്ഞത് 10 പുതിയ തസ്തികകളെങ്കിലും സൃഷ്ടിക്കപ്പെടും. സീറോ-എറർ ടെസ്റ്റിങ് ഉറപ്പാക്കാൻ എൻടിഎയുടെ പ്രവർത്തനത്തിൽ നിരവധി മാറ്റങ്ങളുണ്ടാകും. കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് വർഷത്തിൽ ഒരിക്കൽ നടത്തുന്നത് തുടരും.
നീറ്റ് പരീക്ഷ പരമ്പരാഗത പേനയും പേപ്പറും അധിഷ്‌ഠിത മോഡിൽ നടത്തണോ അതോ കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയിലേക്ക് മാറണോ എന്നതു സംബന്ധിച്ചും ആരോഗ്യ മന്ത്രാലയവുമായി ചർച്ചകൾ നടക്കുന്നുണ്ട്. സമീപഭാവിയിൽ കംപ്യൂട്ടർ അഡാപ്റ്റീവ് ടെസ്റ്റിലേക്കും ടെക്‌നോളജി അധിഷ്‌ഠിതമായ പ്രവേശന പരീക്ഷകളിലേക്കും മാറാൻ ശ്രമിക്കുകയാണ്’’ – ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
ഉന്നതതല പാനലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ പരീക്ഷാ പരിഷ്കരണങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയം ഭേദഗതികകൾ പ്രഖ്യാപിച്ചത്. നീറ്റ് പരീക്ഷ ചോദ്യ പേപ്പറുകൾ അടക്കം ചോർന്നതു വിവാദമായതിനു പിന്നാലെയാണ് പാനൽ രൂപീകരിച്ചത്.