പൊടിതട്ടിയെടുത്ത് തിരുുവനന്തപുരം മെട്രോ റെയിൽ പദ്ധതി; നിർണായക തീരുമാനം ഈ മാസം: പുതുക്കിയ റൂട്ട് ഇങ്ങനെ
Mail This Article
തിരുവനന്തപുരം∙ തലസ്ഥാനത്തിന്റെ യാത്രാ ദുരിതത്തിനു പരിഹാരമായി ആസൂത്രണം ചെയ്ത തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി പത്തു വര്‍ഷത്തിനിപ്പുറം വീണ്ടും സര്‍ക്കാരിനു മുന്നില്‍. പദ്ധതിക്കു നിര്‍ണായകമായ സമഗ്ര ഗതാഗത പദ്ധതിയും (സിഎംപി), ഓള്‍ടര്‍നേറ്റ് അനാലിസിസ് റിപ്പോര്‍ട്ടും (എഎആര്‍) ആണ് അനുമതിക്കായി സര്‍ക്കാരിനു മുന്നില്‍ എത്തിയിരിക്കുന്നത്. ഈ മാസം തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
അന്തിമ അലൈന്മെന്റ് ഉള്‍പ്പെടെ എഎആര്‍ അംഗീകരിക്കപ്പെടുന്നതോടെ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി അയയ്ക്കും. കേന്ദ്രത്തില്‍നിന്നു ഫണ്ട് ലഭിക്കാന്‍ ഇത് അനിവാര്യമാണ്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുത്ത ശേഷം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അടുത്തിടെ പുതുക്കിയ റൂട്ടും അലൈന്മെന്റും സര്‍ക്കാരിനു നല്‍കിയിരുന്നു.
നിര്‍ദേശിച്ച റൂട്ട്
കഴക്കൂട്ടം ടെക്നോപാര്‍ക്കിനു മുന്നില്‍ മെട്രോ ലൈന്‍ ആരംഭിക്കണമെന്ന പുതിയ നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയത്. മെട്രോ റെയിലിന്റെ ഒന്നാം ഘട്ടം ടെക്നോപാര്‍ക്ക് മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെയാകണം. ടെക്നോപാര്‍ക്ക് -കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസ് - ഉള്ളൂര്‍ - മെഡിക്കല്‍ കോളജ് - മുറിഞ്ഞപാലം - പട്ടം - പിഎംജി - നിയമസഭയ്ക്കു മുന്നിലൂടെ പാളയം - ബേക്കറി ജംക്ഷൻ - തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് ഡിപ്പോ - തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് - പുത്തരിക്കണ്ടം മൈതാനം എന്നതാണ് നിര്‍ദേശിച്ച റൂട്ട്.
കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസ്, ടെക്നോപാര്‍ക്ക്, മെഡിക്കല്‍ കോളജ്, വൈദ്യുതി ഭവന്, സെക്രട്ടേറിയറ്റ്, നിയമസഭ, യൂണിവേഴ്സിറ്റി കോളജ്, വിവിധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സാന്നിധ്യമുള്ളതിനാല്‍ ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം കൂടുതലാകുമെന്നാണ് കണക്കാക്കുന്നത്. നിലവിലെ ഒന്നാം ഘട്ടം അവസാനിക്കുന്നത് കിള്ളിപ്പാലത്താണ്. ഇവിടം മുതല്‍ മുതല്‍ നെയ്യാറ്റിന്‍കര വരെയാണ് രണ്ടാം ഘട്ടമായി നിര്‍ദേശിച്ചിരുന്നത്. ഇതിനു പകരം പാളയത്തുനിന്നു കുടപ്പനക്കുന്ന് വരെയുള്ള റൂട്ടിലേക്ക് രണ്ടാം ഘട്ടം നിര്‍മിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മാതൃകയില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ നടപ്പാക്കാന്‍ കേരള റാപിഡ് ട്രാന്‍സിറ്റ് കോര്പറേഷന് ലിമിറ്റഡ് (കെആര്‍ടിഎല്‍) രൂപീകരിച്ചത്. ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (ഡിഎംആര്‍സി) 2014ല്‍ ആദ്യത്തെ വിശദ പദ്ധതി രേഖ (ഡിപിആര്‍) സംസ്ഥാനത്തിനു നല്കി. പദ്ധതി വൈകിയതോടെ മാറിയ സാഹചര്യം വിലയിരുത്തി പുതിയ ഡിപിആര്‍ തയാറാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ഇതോടെ 2021 ല്‍ പുതുക്കിയ ഡിപിആറും ഡിഎംആര്‍സി നല്കി. എന്നാല്‍, സംസ്ഥാനത്തു റെയില്‍വേ പദ്ധതികള്‍ക്ക് ഒന്നിലധികം സ്ഥാപനങ്ങള്‍ വേണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ കെആര്‍ടിഎല്‍ പിരിച്ചു വിടാനും തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ (കെഎംആര്‍എല്‍) ഏല്പിക്കാനും സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.
2022 ല്‍ കെഎംആര്‍എല്‍ ഏറ്റെടുത്ത ശേഷമാണ് രണ്ടിടത്തും മെട്രോ ആവശ്യമുണ്ടോയെന്നറിയാന്‍ സമഗ്ര ഗതാഗത പദ്ധതി (സിഎംപി) തയാറാക്കിയത്. അതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഡിപിആര്‍ പ്രകാരം പുതിയ റൂട്ടുകള്‍ നിശ്ചയിച്ചെങ്കിലും അലൈന്മെന്റില് വീണ്ടും മാറ്റം വരുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചത്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ തിരുവനന്തപുരം മെട്രോയില്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ആരംഭിച്ച 110 ഇലക്ട്രിക് ബസ് സര്‍വീസുകളിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 78000 വരെ ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നു. മെട്രോ റെയില്‍ ആരംഭിക്കുമ്പോള്‍ കൂടുതല്‍ ടെക്നോപാര്‍ക്ക്, സര്‍ക്കാര്‍- സ്വകാര്യ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലേക്കുള്ള യാത്രക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുമെന്നാണു കണക്കാക്കുന്നത്.