ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു; റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ കൊല്ലപ്പെട്ടു
Mail This Article
മോസ്‌കോ∙ റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു. റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവനാണ് ഇഗോൾ കിറില്ലോവ്. മോസ്‌കോയിൽ ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം. മോസ്കോയിലെ റിയാസന്‍സ്‌കി പ്രോസ്‌പെക്റ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിനു പുറത്താണ് സ്‌ഫോടനം നടന്നത്.
ഇഗോര്‍ കിറില്ലോവിനൊപ്പം സഹായിയായ സൈനികനും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസ് റിപ്പോർട്ടു ചെയ്തു. 2017 ഏപ്രിലിലാണ് ആണവ സംരക്ഷണ സേനയുടെ നേതൃത്വം കിറില്ലോവ് ഏറ്റെടുത്തത്. റേഡിയേഷൻ, രാസ, ജീവശാസ്ത്ര, പ്രതിരോധ ട്രൂപ്പുകളുടെ മേധാവിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. യുക്രെയ്നിലെ റഷ്യൻ സൈനിക നടപടികൾക്കിടെ, നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചതിന് ഇഗോർ കിറില്ലോവിനെതിരേ യുക്രയ്ൻ കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചിരുന്നു.