കേരള സർവകലാശാലയിൽ ഗവർണർക്കെതിരെ പ്രതിഷേധം; 4 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു
Mail This Article
തിരുവനന്തപുരം∙ കേരള സർവകലാശാല ആസ്ഥാനത്തെ സെമിനാറിനിടെ ഗവർണർക്കെതിരെ പ്രതിഷേധിച്ച 4 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ആദർശ്, അവിനാശ്, ജയകൃഷ്ണൻ, അനന്തു എന്നിവരാണ് അറസ്റ്റിലായത്. സർവകലാശാല സമരത്തിൽ സംസ്ഥാന നേതാക്കളടക്കം നൂറിലധികം പേർക്കെതിരെ കേസെടുത്തിരുന്നു. സംസ്ഥാന പ്രസിഡന്റ് അനുശ്രീ അടക്കമുള്ളവർക്കെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത 4 പേരെയും ജാമ്യത്തിൽ വിട്ടയച്ചു.
ക്യാംപസിലെ സംസ്‌കൃത വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്ഐ പ്രവർത്തർ തടഞ്ഞത്. സെനറ്റ് ഹാളിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സെനറ്റ് ഹാളിൽനിന്ന് പുറത്തിറങ്ങാനായില്ല.
കേരള സര്‍വകലാശാല യൂണിയൻ തിരഞ്ഞെടുക്കപ്പെട്ട് നാല് മാസമായിട്ടും സത്യപ്രതിജ്ഞ ചെയ്യാൻ പോലും വിസി സമ്മതിച്ചിട്ടില്ലെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. എസ്എഫ്ഐയുടെ പ്രവർത്തനങ്ങളെ തകർക്കാനുള്ള സമീപനമാണ് വിസിയും ഗവർണറും ചെയ്യുന്നത്. സത്യപ്രതിജ്ഞ ഇനിയും വൈകിച്ചാൽ പ്രതിഷേധം കടുപ്പിക്കാനാണ് എസ്എഫ്ഐ തീരുമാനം.