‘മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കുന്നതു സ്വപ്നം, ഡിഎംകെ യാഥാർഥ്യമാക്കും; മുഖ്യമന്ത്രിമാർ സംസാരിച്ചു’
Mail This Article
കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുകയെന്നതു തമിഴ്നാട്ടുകാരുടെ സ്വപ്നമാണെന്നും ഡിഎംകെ ഭരണത്തിൽ അതു യാഥാർഥ്യമാക്കുമെന്നും തമിഴ്‌നാട് ഗ്രാമവികസന, തദ്ദേശ വകുപ്പ് മന്ത്രി ഐ.പെരിയസാമി. തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
സുപ്രീം കോടതി വിധി പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾക്കു തമിഴ്‌നാട് സർക്കാരിന് അവകാശമുണ്ട്. ഇക്കാര്യം വൈക്കം സന്ദർശനവേളയിൽ കേരളത്തിന്റെ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി തിരുമാനിച്ചിരുന്നതായും പെരിയസാമി പറഞ്ഞു.
മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണികള്‍ക്കു കഴിഞ്ഞയാഴ്ച തമിഴ്‌നാടിനു കേരളം അനുമതി നല്‍കിയിരുന്നു. ജലവിഭവവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് നല്‍കിയത്. ഏഴു ജോലികള്‍ക്കായി നിബന്ധനകളോടെയാണ് അനുമതി. അണക്കെട്ടിലും സ്പില്‍വേയിലും സിമന്റ് പെയിന്റിങ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളാണു തമിഴ്‌നാട് നടത്തുന്നത്. പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുന്നതു വരെ ജനങ്ങളുടെ ഭീതി ഒഴിവാക്കാനായി നിലവിലുള്ള അണക്കെട്ടില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്കു മാത്രമാണ് അനുമതി നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
ഇടുക്കി എംഐ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫിസര്‍മാരുടെയോ സാന്നിധ്യത്തില്‍ മാത്രമേ പണികള്‍ നടത്താവൂ. നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്ന ദിവസവും സമയവും മുന്‍കൂട്ടി അറിയിക്കണം. വനനിയമങ്ങള്‍ പാലിച്ച് രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയില്‍ മാത്രമായിരിക്കും വാഹനങ്ങള്‍ക്ക് അനുമതി.