ADVERTISEMENT

കോതമംഗലം ∙ കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും യുഡിഎഫ് നടത്തുന്ന ഹർത്താൽ പൂർണം. കോതമംഗലം ഡിഎഫ്ഒ ഓഫിസിലേക്കു പ്രതിഷേധ റാലിയും നടക്കും. കോടിയാട്ട് എൽദോസ് വർഗീസ് (45) ആണു ഇന്നലെ മരിച്ചത്. മൃതദേഹം സ്ഥലത്തുനിന്നു മാറ്റാന്‍ നാട്ടുകാർ സമ്മതിച്ചില്ല. പ്രതിഷേധം 5 മണിക്കൂറോളം നീണ്ടു. കലക്ടർ നടത്തിയ ചർച്ചയ്ക്കൊടുവിൽ പുലർച്ചെ രണ്ടിനാണു പ്രതിഷേധം അവസാനിച്ചത്. എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകി. 27ന് കലക്ടർ അവലോകന യോഗം വിളിച്ചു. 5 ദിവസത്തിനുള്ളിൽ സ്ഥലത്തു തെരുവുവിളക്കുകൾ സ്ഥാപിക്കും. ട്രഞ്ച് നിർമാണം ഇന്നാരംഭിക്കും. ഫെൻസിങ് നടപടി വേഗത്തിലാക്കും.

ശനിയാഴ്ച വൈകിട്ടു നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനീയറിങ് വിദ്യാർഥിനി മരിച്ച ഞെട്ടൽ മാറും മുൻപേയാണു വീണ്ടും ആക്രമണമുണ്ടായത്. ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷൻ കഴി‍ഞ്ഞു ക്ണാച്ചേരിക്കു പോകുന്ന വഴിയിലായിരുന്നു മൃതദേഹം. എറണാകുളത്തു സെക്യൂരിറ്റി ജോലിക്കാരനായ എൽദോസ് രാത്രി എട്ടരയോടെ കെഎസ്ആർടിസി ബസിൽ എത്തി വീട്ടിലേക്കു പോകുംവഴിയാണ് ആക്രമണമുണ്ടായത്. ഇതുവഴി പോയ ഓട്ടോറിക്ഷക്കാരനാണു മൃതദേഹം കണ്ടു നാട്ടുകാരെ അറിയിച്ചത്. വർഗീസ്–റൂത്ത് ദമ്പതികളുടെ മകനാണ് എൽദോസ്.

English Summary:

Kuttampuzha Elephant Attack: A 45-year-old man was killed in a wild elephant attack in Kuttampuzha, leading to protests and a strike in Kothamangalam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com