‘പേടിച്ചാണ് നടക്കുന്നത്, ജീവിക്കാൻ പറ്റില്ല, പകൽപോലും വെളിച്ചക്കുറവ്; ആന ഇവിടെ മനുഷ്യജീവനെടുക്കുന്നത് ആദ്യം’
Wild Elephant Attack Kuttampuzha
Mail This Article
കോതമംഗലം∙ ‘മനുഷ്യനിവിടെ ജീവിക്കാൻ പറ്റില്ല, പേടിച്ചാണ് നടക്കുന്നത്. വന്യമൃഗശല്യം രൂക്ഷമാണ്. ഒരു തേങ്ങ പോലും കിട്ടില്ല. ആനയുടെയും മ്ലാവിന്റെയും ശല്യം കാരണം കൃഷി ചെയ്യാൻ സാധിക്കാറില്ല. അതുകൊണ്ട് ഇവിടെ കൂലിപ്പണി കുറവാണ്. ഇവിടെയുള്ളവർ പുറത്തുപോയി ജോലി ചെയ്ത് പലപ്പോഴും അവസാന ബസിനാണു മടങ്ങിയെത്താറുള്ളത്. അവർ സ്ഥിരം പോകുന്ന വഴിയാണ്. ഇത്രയും കാലം കൃഷിക്കു മാത്രമായിരുന്നു പ്രശ്നം. ഇപ്പോൾ ജനങ്ങളുടെ ജീവനും ആനയെടുത്തു തുടങ്ങി. കുട്ടികളടക്കം സ്കൂളിൽ പോകുന്ന വഴിയാണ്. പഞ്ചായത്തിൽ പറഞ്ഞു മടുത്തു. വഴിവിളക്ക് ഇല്ല. ഇവിടെ വഴിവിളക്ക് വരികയാണെങ്കിൽ മരണമെങ്കിലും ഒഴിവാക്കാം. ആന നിൽക്കുന്നത് കാണുകയെങ്കിലും ചെയ്യാമല്ലോ?’ ക്‌ണാച്ചേരിയിലെ നാട്ടുകാർ സങ്കടത്തോടെയും രോഷത്തോടെയും പറയുന്നു.
കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് ഉരുളന്‍തണ്ണി വലിയക്ണാച്ചേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഇന്നലെ രാത്രി എട്ടരയോടെയാണു കോടിയാട്ട് എൽദോസ് വർഗീസ് കൊല്ലപ്പെട്ടത്. മൃതദേഹം തിരിച്ചറിയാൻ പോലും സാധിക്കാത്ത രീതിയിൽ ഛിന്നഭിന്നമായിരുന്നു. ആന ആക്രമിച്ച് ഒരാൾ കൊല്ലപ്പെട്ടതു നാട്ടുകാർ അറിയുന്നതു പോലും ഇതുവഴി പോയ ഓട്ടോറിക്ഷക്കാരൻ പറഞ്ഞപ്പോഴാണ്. പകൽപോലും വെളിച്ചക്കുറവുള്ള പ്രദേശത്താണ് എൽദോസിനെ ആന ആക്രമിച്ചത്.
ആറു മണിയാകുന്നതോടെ ഇരുട്ടു പരക്കുന്ന ഇവിടെ എട്ടുമണിയാകുമ്പോഴേക്കും ഒട്ടുംവെളിച്ചം കാണില്ലെന്നു നാട്ടുകാർ പറഞ്ഞു. പലരും മൊബൈൽ വെളിച്ചത്തിലാണു വീടുകളിലേക്ക് നടന്നുപോകാറുള്ളത്. അതിനാൽ തന്നെ വന്യമൃഗങ്ങൾ നിൽക്കുന്നത് കാണാൻ സാധ്യത കുറവാണ്. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ ആനയുടെ സാമീപ്യം അറിയാതെ മുന്നോട്ടുനീങ്ങിയ എൽദോസിനെ ആന ആക്രമിച്ചിരിക്കാമെന്നാണു നാട്ടുകാർ പറയുന്നത്.
ആനശല്യം പതിവാണെങ്കിലും ആന മനുഷ്യജീവനെടുക്കുന്നത് ആദ്യമായിട്ടാണെന്ന് എൽദോസിന്റെ സഹോദരി ലീലാമ്മ പറഞ്ഞു. വീടിനുസമീപമായി ഇടയ്ക്കിടയ്ക്ക് ആനയെ കാണാറുണ്ടെന്നും ആനയെ പേടിച്ച് ഉറക്കമില്ലാത്ത രാത്രികളാണു തള്ളിനീക്കുന്നതെന്നും എൽദോസിന്റെ കുടുംബം പറഞ്ഞു. വനാതിർത്തിയോടു ചേർന്ന പ്രദേശത്തു വൈദ്യുതവേലി സ്ഥാപിക്കണം, വഴിവിളക്കുകൾ സ്ഥാപിക്കണം എന്നെല്ലാം കാലങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നതാണ്. ഇതിനോടെല്ലാം അധികൃതർ മുഖംതിരിക്കുകയായിരുന്നു. ഇവിടെ നിലനിന്നില്ലെന്നും അറ്റകുറ്റപ്പണിക്കായി അധികൃതർ എത്തിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.
വശങ്ങളിൽ മരങ്ങൾ ഉള്ളതിനാൽ മരങ്ങൾ തള്ളിയിട്ട് ഈ വേലി തകർത്താണ് ആന വരാറുള്ളത്. അതിനാൽ ട്രഞ്ചിങ് ആണ് കുറേക്കൂടി ഫലപ്രദമായ മാർഗമെന്നാണ് നാട്ടുകാരുടെയും അഭിപ്രായം. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നുതന്നെ ക്‌ണാച്ചേരിയിൽ ട്രഞ്ചിങ് ജോലികൾ ആരംഭിക്കും. നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യം നിറവേറ്റനായി ആനയുടെ ക്രൂരമായ ആക്രമണത്തിൽ ഒരു ജീവൻ പൊലിയേണ്ടി വന്നതു ദുഃഖകരമാണ്.
‘‘ഞങ്ങൾക്കുണ്ടായ നഷ്ടം വേറാർക്കും ഉണ്ടാകരുത്. എത്രയും വേഗം നടപടികൾ സ്വീകരിക്കണം’’– എൽദോസിന്റെ സഹോദരി ലീലാമ്മ പറഞ്ഞു. കോതമംഗലം താലൂക്കിലെ കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ആനയ്ക്കു പുറമെ മറ്റു വന്യമൃഗങ്ങളുടെയും ശല്യമുണ്ട്.