ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ വനാതിര്‍ത്തിയില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം നിരന്തരം സംഭവിക്കുമ്പോഴും വനംവകുപ്പ് പരിഹാരനടപടിയെടുക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രശ്നപരിഹാരം വേണമെന്ന് പ്രതിപക്ഷം പല തവണ നിയമസഭയിലും പുറത്തും ആവശ്യപ്പെട്ടിരുന്നു. സമീപവര്‍ഷങ്ങളില്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരത്തോളമായി. വന്യമൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ഉപജീവനമാര്‍ഗം ഇല്ലാതാകുന്നതിനു പുറമേ ജീവനും സ്വത്തിനും ഭീഷണിയാണ് ഉയരുന്നത്. വനംവകുപ്പ് ഇത്രയും നിഷ്‌ക്രിയമായ അവസ്ഥ മുൻപ് ഉണ്ടായിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

വന്യജീവി ആക്രമണങ്ങളില്‍നിന്നു സാധാരണക്കാരെ രക്ഷിക്കാത്ത സര്‍ക്കാരാണ് കര്‍ഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കാനായി വനനിയമം ഭേദഗതി ചെയ്യുന്നത്. സര്‍ക്കാരും രാഷ്ട്രീയ നേതൃത്വവും ജനങ്ങളെ പരിഗണിക്കാതെ, ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുക്കുന്നതാണ് നിയമമാക്കുന്നത്. ഈ നിയമ ഭേദഗതി ആദിവാസികളെയും സാധാരണ കര്‍ഷകരെയും ഗുരുതരമായി ബാധിക്കും. പുതിയ നിയമത്തിലൂടെ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരമാണ് നല്‍കുന്നത്. പിഴ അഞ്ചിരട്ടിയായി വര്‍ധിപ്പിച്ചു. കര്‍ഷകരെയും ആദിവാസികളെയും ഗുരുതരമായി ബാധിക്കുന്ന വനനിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിക്കണം.

വനസംരക്ഷണത്തിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കും. എന്നാല്‍ 29 ശതമാനത്തിലധികം വന മേഖലയുള്ള സംസ്ഥാനത്ത് ജനവാസ പ്രദേശങ്ങള്‍ കൂടി വനമാക്കി മാറ്റാനുള്ള ശ്രമത്തെ എതിര്‍ക്കും. വനനിയമവും നീര്‍ത്തട സംരക്ഷണ നിയമവും തീരദേശ പരിപാലന നിയമവും കഴിഞ്ഞാല്‍ കുറച്ചു ഭൂമി മാത്രമാണ് കേരളത്തിലുള്ളത്. സിഎച്ച്ആറിന്റെ പേരിലും ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലമാണ് നഷ്ടമാകുന്നത്. ഞാന്‍ മന്ത്രിയായതു കൊണ്ടാണോ ആന നാട്ടിലിറങ്ങുന്നതെന്ന് ചോദിക്കുന്ന വനംമന്ത്രിയാണ് നമുക്കുള്ളത്. സംസ്ഥാനത്തിന്റെ പ്ലാന്‍ അലോക്കേഷനില്‍ നിന്നും സംസ്ഥാനം എത്ര പണം ചെലവഴിച്ചു? കേന്ദ്ര ഫണ്ട് കിട്ടുന്നില്ലെന്ന് പറഞ്ഞ് ഒന്നും ചെയ്യാതിരിക്കുന്നത് ശരിയല്ല. ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥയാണ്.

നിരക്കു വര്‍ധന വൈദ്യുതി ബോര്‍ഡിലെ അഴിമതിയുടെ ഫലം

വൈദ്യുതി ബോര്‍ഡിലെ അഴിമതിയുടെയും അനാസ്ഥയുടെയും പരിണിതഫലമാണ് നിരക്കു വര്‍ധനവിലൂടെ സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്ക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡിനെ ലാഭത്തിലാക്കുകയും യൂണിറ്റിന് 20 പൈസ കുറയ്ക്കുകയും ചെയ്തതാണ്. 4 രൂപ 14 പൈസ മുതല്‍ 4 രൂപ 29 പൈസ വരെ നിരക്കിൽ യുഡിഎഫ് സര്‍ക്കാര്‍ 25 വര്‍ഷത്തേക്ക് ഉണ്ടാക്കിയ കരാര്‍ ഈ സര്‍ക്കാര്‍ റദ്ദാക്കി. 4 രൂപ 29 പൈസയ്ക്കുള്ള കരാര്‍ റദ്ദാക്കി എട്ട് രൂപ മുതല്‍ 12 രൂപ 30 പൈസ വരെ വില നല്‍കിയാണ് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത്. ഇതിലൂടെ പ്രതിദിനം 15 മുതല്‍ 20 വരെ കോടി രൂപയുടെ നഷ്ടമാണ് വൈദ്യുതി ബോര്‍ഡിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതോടെ ബോര്‍ഡിന്റെ കടം 1083 കോടിയായിരുന്നത് ഇന്ന് 45000 കോടിയായി ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ‌‌

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക് വര്‍ധന അടുത്ത മാര്‍ച്ചിലേക്ക് കൂടിയുള്ളതാണ്. ഇതിനിടയിലാണ് മണിയാര്‍ പദ്ധതി കരാര്‍ അവസാനിച്ചിട്ടും 25 വര്‍ഷത്തേക്ക് കൂടി സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി കിട്ടിയാല്‍ വൈദ്യുതി ബോര്‍ഡിന് 18 മുതല്‍ 20 കോടിയുടെ അധിക ലാഭമുണ്ടാക്കാം. എന്നാല്‍ ആരുമായും കൂടിയാലോചന നടത്താതെയാണ് പദ്ധതി അടുത്ത 25 വര്‍ഷത്തേക്ക് കൂടി സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസും കേന്ദ്രീകരിച്ചുള്ള ഉപജാപങ്ങളുടെ ഭാഗമായാണ് ഈ കൊള്ളയും. മണിയാര്‍ പദ്ധതി സ്വകാര്യ കമ്പനിക്ക് വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിനെ രാഷ്ട്രീയമായും നിയമപരമായും പ്രതിപക്ഷം ചോദ്യം ചെയ്യും.

ചോദ്യ പേപ്പര്‍ എവിടെനിന്നാണു ചോര്‍ന്നതെന്ന് അറിയാൻ ഭരണകക്ഷി അധ്യാപക സംഘടനയില്‍ ഉള്‍പ്പെട്ടവരെ ചോദ്യം ചെയ്താല്‍ മതി. ഭരണപക്ഷ സര്‍വീസ് സംഘടനകള്‍ക്കുള്ള അപ്രമാദിത്യമാണ് ചോര്‍ച്ചയ്ക്കുള്ള പ്രധാന കാരണം. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്ത 1400 പേരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിടാത്തത് എന്തുകൊണ്ടാണ്? ധൈര്യമുണ്ടെങ്കില്‍ പേര് പുറത്തുവിടണം. സ്വന്തം സംഘടനയില്‍പ്പെട്ടവരായതു കൊണ്ടാണ് പെന്‍ഷന്‍ തട്ടിയെടുത്ത ഉദ്യോഗസ്ഥരെക്കൊണ്ട് പണം തിരിച്ചടപ്പിക്കാന്‍ ശ്രമിക്കുന്നത്.

അമിതമായ ജോലി സമ്മര്‍ദമാണ് പൊലീസ് സേനയില്‍. ക്രൂരമായാണ് മേലുദ്യോഗസ്ഥര്‍ പെരുമാറുന്നത്. അസുഖം വന്നാല്‍ പോലും വീട്ടില്‍ പോകാനാകാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന മാനസിക സംഘര്‍ഷം സംബന്ധിച്ച വിഷയം പ്രതിപക്ഷം അടിയന്തിര പ്രമേയമായി നിയമസഭയില്‍ കൊണ്ടുവന്നത്. അരീക്കോട് ക്യാമ്പിലെ മൂന്നാമത്തെ ആത്മഹത്യയാണ് നടന്നത്. എന്നിട്ടും മേലുദ്യോഗസ്ഥര്‍ ഇടപെടുന്നില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.

English Summary:

Wild Elephant Attack: VD Satheesan Slams Forest Minister and Forest Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com