‘കോൺഗ്രസ് നേതാക്കൾ പലസ്തീൻ ബാഗുമായി നടക്കുന്നു, യുപിയിലെ യുവാക്കൾ ജോലിക്കായി ഇസ്രയേലിലേക്ക് പോകുന്നു’
Mail This Article
ലക്നൗ∙ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ പലസ്തീൻ ഐക്യദാർഢ്യത്തെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് നേതാക്കൾ പലസ്തീൻ ബാഗുമായി നടക്കുന്നെന്നും യുപിയിൽനിന്ന് യുവാക്കൾ ഇസ്രയേലിലേക്ക് ജോലിക്കായി പോകുന്നെന്നുമാണ് യോഗിയുടെ പരിഹാസം. ഇസ്രയേലിൽ മികച്ച വേതനവും സുരക്ഷയും ഉറപ്പു ലഭിക്കുന്നെന്നും യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് നിയമസഭയിൽ പറഞ്ഞു.
‘‘കോൺഗ്രസ് നേതൃത്വം ദേശീയ കാര്യങ്ങളുടെ മുൻഗണനകളിൽനിന്നു വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഒരു കോൺഗ്രസ് എംപി പലസ്തീൻ ബാഗുമായി കറങ്ങുന്നു. കുറ്റകൃത്യങ്ങളോട് സർക്കാർ സ്വീകരിക്കുന്ന നയം കാരണം ഉത്തർപ്രദേശ് നിക്ഷേപകരുടെ കേന്ദ്രമായി ഉയർന്നിരിക്കുകയാണ്. സംസ്ഥാനം ഇപ്പോൾ കലാപരഹിതമാണ്. ഇതു നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു’’– യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശ് നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ രണ്ടാംദിവസം യോഗി ആദിത്യനാഥ് സർക്കാർ 2024-25 വർഷത്തേക്കുള്ള സപ്ലിമെന്ററി ബജറ്റ് അവതരിപ്പിച്ചു. 790 കോടി രൂപയുടെ അധികച്ചെലവിനുള്ള നിർദേശം സംസ്ഥാന ധനമന്ത്രി സുരേഷ് ഖന്ന അവതരിപ്പിച്ചു.