മൃതദേഹം ഓട്ടോയിൽ: പ്രമോട്ടറെ പിരിച്ചുവിട്ടു, ബലിയാടാക്കിയെന്ന് ആരോപണം; ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല
Mail This Article
മാനന്തവാടി∙ വയനാട്ടിൽ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്കു കൊണ്ടുപോകേണ്ടി വന്ന സംഭവത്തിൽ ട്രൈബൽ പ്രമോട്ടറെ ബലിയാടാക്കിയെന്ന് ആരോപണം. പ്രമോട്ടറെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം ശക്തമായി. കുന്ദമംഗലം കൂട്ടിക്കുറി ഉന്നതിയിലെ മഹേഷ് കുമാറിനെയാണ് ട്രൈബൽ ഡവലപ്മെന്റ് ഓഫിസർ പിരിച്ചുവിട്ടത്. എടവക പഞ്ചായത്തിലെ നാല് സെന്റ് ഉന്നതിയിലെ ചുണ്ടയുടെ മൃതദേഹമാണ് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത്.
ഇതിനിടെ, മഹേഷ് കുമാറും ഉന്നതിയിലെ ചിലരുമായി നടത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. മഹേഷ് നിരുത്തരവാദപരമായി പെരുമാറിയെന്നാണ് ഇവർ ആരോപിക്കുന്നത്. ചുണ്ട മരിച്ച ഞായറാഴ്ച വൈകിട്ട് മുതൽ ഉന്നതിയിലുണ്ടെന്നാണ് മഹേഷ് പറയുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അവിടെനിന്നു പോന്നത്. ആംബുലൻസ് വരുന്നുണ്ട് എന്നും മഹേഷ് പറയുന്നുണ്ട്. അതേസമയം, മറുവശത്തുള്ളവർ മഹേഷിനെ തെറിവിളിക്കുകയും ജോലി െതറിപ്പിക്കുമെന്നുമാണു പറയുന്നത്.
തിങ്കളാഴ്ച ഉച്ചയോടെ ആംബുലൻസ് എത്തുമെന്നാണ് പ്രമോട്ടർ കുടുംബത്തെ അറിയിച്ചത്. എന്നാൽ ആംബുലൻസ് എത്താത്തതിനാൽ നാലു മണിയോടെ മൃതദേഹം ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു സംഭവം വിവാദമായത്.
ട്രൈബൽ വകുപ്പിന്റെ കീഴിലുള്ള രണ്ട് ആംബുലൻസുകൾ പര്യാപ്തമല്ലെന്നു പല തവണ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് പ്രമോട്ടർ മഹേഷ് കുമാർ പറഞ്ഞു. കൃത്യമായി പണം നൽകാത്തതിനാൽ സ്വകാര്യ ആംബുലൻസുകൾ വരില്ല. പഞ്ചായത്ത് അധികൃതർക്കും ട്രൈബൽ ഡിപാർട്മെന്റിനും ഇക്കാര്യം വ്യക്തമായി അറിയാം. എന്നാൽ നിസ്സഹായനായ തന്റെമേൽ ഉത്തരവാദിത്തം കെട്ടിവച്ച് എല്ലാവരും കയ്യൊഴിയുകയാണുണ്ടായതെന്നും മഹേഷ് പറഞ്ഞു. മഹേഷിനെ പിരിച്ചുവിട്ടതിൽ ട്രൈബൽ പ്രമോട്ടർമാർ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. അതേസമയം, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മാനന്തവാടിയിൽ ട്രൈബൽ വകുപ്പിനു രണ്ട് ആംബുലൻസുകളാണുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജിലേക്കു പോകുന്നതിനാൽ മറ്റ് ഓട്ടങ്ങൾക്ക് ഈ ആംബുലൻസുകൾ ലഭിക്കാറില്ല. മുൻപും ആളുകൾ മരിക്കുമ്പോൾ ആംബുലൻസുകൾ ലഭ്യമായിട്ടില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. പട്ടികജാതി – പട്ടികവർഗ മന്ത്രി ഒ.ആർ.കേളുവിന്റെ മണ്ഡലത്തിലാണു മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയത്.