‘പാർട്ടി മാറിയതിന് ഇങ്ങനെ പരാതി നൽകില്ല’: ഗാർഹിക പീഡനക്കേസിൽ ബിപിനു മുൻകൂർ ജാമ്യം
Mail This Article
കൊച്ചി ∙ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുന്‍ ഏരിയ കമ്മിറ്റി അംഗം ബിപിൻ സി.ബാബുവിന് ഗാർഹിക പീഡന പരാതിയിൽ മുൻകൂർ ജാമ്യം. ഭാര്യ മിനിസ നൽകിയ പരാതിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ മുൻകൂർ ജാമ്യം അനുവദിച്ചത്. ഭാവിയിൽ ഏതെങ്കിലും വിധത്തിൽ ബിപിനിൽനിന്ന് ഉപദ്രവമുണ്ടായാൽ കോടതിക്ക് ജാമ്യം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാം. പാർട്ടി മാറിയതു കൊണ്ട് കെട്ടിച്ചമച്ച രാഷ്ട്രീയപ്രേരിതമായ പരാതിയാണ് ഭാര്യ നൽകിയതെന്ന ബിപിന്റെ വാദം കോടതി അംഗീകരിച്ചില്ല.
രാഷ്ട്രീയ പാർട്ടി മാറിയതിന്റെ പേരിൽ ഒരു ഭാര്യയും ഭർത്താവിനെതിരെ ഇത്തരമൊരു പരാതി നൽകില്ലെന്നു കോടതി പറഞ്ഞു. ബിപിൻ ഈ വർഷം നവംബറിലാണ് പാർട്ടി മാറിയത്. എന്നാൽ ഭാര്യ ഈ വർഷം ഫെബ്രുവരിയിൽ പരാതി നൽകിയിരുന്നു. ഡിസംബർ രണ്ടിനാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത് എന്നേയുള്ളൂ. അതുകൊണ്ട് രാഷ്ട്രീയ പാർട്ടി മാറിയതിന്റെ പകപോക്കലാണ് ഇതെന്ന വാദം നിലനിൽക്കില്ല. ഇത്തരം കാര്യങ്ങളൊന്നും ഉന്നയിക്കരുത്. അതേസമയം, വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് പരാതി എന്നതുകൊണ്ട് ജാമ്യം അനുവദിക്കുന്നു എന്നും കോടതി വ്യക്തമാക്കി.
10 ലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതൽ സ്ത്രീധനം ചോദിച്ച് ശാരീരികമായി ഉപദ്രവിച്ചു, പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനു മർദിച്ചു തുടങ്ങിയ പരാതികളിലാണു ബിപിനെതിരെ കേസ്. ബിപിന്റെ അമ്മയും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ പ്രസന്നകുമാരി രണ്ടാം പ്രതിയാണ്. മഹിളാ അസോസിയേഷൻ ജില്ലാ നേതാവും ഡിവൈഎഫ്ഐ അംഗവുമാണ് മിനിസ. ഇരുവരും വെവ്വേറെയാണു കഴിയുന്നത്. തന്റെ പിതാവിൽനിന്ന് ബിപിൻ 10 ലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതല്‍ സ്ത്രീധനം ചോദിച്ച് ശാരീരികമായി ഉപദ്രവിച്ചു, കരണത്ത് അടിച്ചു, ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്.