ADVERTISEMENT

ചങ്ങനാശേരി ∙ വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറിൽനിന്ന് പണം തട്ടിയെടുത്ത സംഘത്തിന്റെ നീക്കങ്ങൾ പൊളിച്ച് പൊലീസ്. ചങ്ങനാശേരി സ്വദേശിയായ ഡോക്ടറിൽനിന്നാണ് പണം തട്ടിയെടുത്തത്. ഡോക്ടറുടെ നീക്കങ്ങളിൽ സംശയം തോന്നിയ ബാങ്കുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സംഘം വീട്ടിലെത്തുമ്പോൾ ഡോക്ടർ വെർച്വൽ അറസ്റ്റിലായിരുന്നു. പൊലീസിനെ കണ്ടതും തട്ടിപ്പുകാരൻ സ്ക്രീനിൽ നിന്നു മുങ്ങി. ഡോക്ടർ കൈമാറിയ 5 ലക്ഷംരൂപയിൽ 4.3 ലക്ഷം രൂപ വീണ്ടെടുക്കാനായി. 

ചങ്ങനാശേരി സ്വദേശിയായ ഡോക്ടർ അയച്ച പാഴ്സലിൽ നിന്നു നിരോധിത വസ്തുക്കൾ കണ്ടെത്തിയെന്നു പറഞ്ഞാണ് തട്ടിപ്പുസംഘം ഡോക്ടറെ വിഡിയോ കോൾ വിളിച്ചത്. സുപ്രീം കോടതിയിൽ നിന്നുള്ള വ്യാജ അറസ്റ്റ് രേഖകളും കാണിച്ചു. ഇതോടെ ഡോക്ടർ ഭയന്നു. തുടർന്ന് ഇവർ വിഡിയോ കോളിൽ തുടർന്നു. ഡോക്ടറെ വെർച്വൽ അറസ്റ്റിലാണെന്നു സംഘം വിശ്വസിപ്പിച്ചു.

തന്റെ അക്കൗണ്ടുള്ള നഗരത്തിലെ എസ്ബിഐ ശാഖയിലെത്തി 5 ലക്ഷം രൂപ ഈ സംഘത്തിനു ഡോക്ടർ ട്രാൻസ്ഫർ ചെയ്തു. ഈ സമയത്തെല്ലാം സംഘം വിഡിയോ കോളിൽ തുടർന്നു. ഉത്തരേന്ത്യൻ സ്വദേശിയുടെ അക്കൗണ്ടിലേക്കാണു പണം അയച്ചത്. ഡോക്ടറുടെ വെപ്രാളവും ധൃതിയും ബാങ്ക് ജീവനക്കാരൻ ശ്രദ്ധിച്ചു. ആർക്കാണു പണം അയയ്ക്കുന്നതെന്നു ചോദിച്ചപ്പോൾ സുഹൃത്തിന് എന്നായിരുന്നു മറുപടി. ഡോക്ടറുടെ നിർബന്ധത്തിനു വഴങ്ങി ബാങ്ക് അധിക‍ൃതർ പണം ട്രാൻസ്ഫർ ചെയ്തെങ്കിലും വിവരം ചങ്ങനാശേരി പൊലീസിനെയും സൈബർ സെല്ലിനെയും അറിയിച്ചു.

തുടർന്നു ചങ്ങനാശേരി പൊലീസ് ഡോക്ടറുടെ വീട്ടിലെത്തി ഇദ്ദേഹത്തെ സമാധാനപ്പെടുത്തി ആർക്കാണു പണമയച്ചതെന്ന കാര്യം ഉൾപ്പെടെയുള്ള തിരക്കാൻ ശ്രമിച്ചെങ്കിലും ആദ്യം ഒഴിഞ്ഞുമാറി. ഒടുവിൽ ഉദ്യോഗസ്ഥർ തന്ത്രപൂർവം കാര്യങ്ങൾ ചോദിച്ചപ്പോഴാണു വിഡിയോ കോളിലൂടെ താൻ വെർച്വൽ അറസ്റ്റിലാണെന്ന് അറിയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ വിഡിയോ കോൾ പരിശോധിച്ചപ്പോൾ പൊലീസ് വേഷധാരിയായ തട്ടിപ്പുകാരനെയാണു കണ്ടത്. ഒറിജിനൽ പൊലീസിനെ കണ്ടതും തട്ടിപ്പുകാരൻ സ്ക്രീനിൽ നിന്നു മുങ്ങി. പൊലീസ് ഉടനെ വിവരം ബാങ്ക് അധികൃതരെ അറിയിച്ചതോടെ അയച്ച പണം മരവിപ്പിച്ചു. 

English Summary:

Virtual Arrest Scam: Virtual arrest scam in Changanassery cheats doctor of Rs 5 lakh. Kerala Police's quick response recovered Rs 4.3 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com