കർഷക പ്രക്ഷോഭം: 30ന് പഞ്ചാബിൽ ബന്ദ്; റെയിൽവേ ട്രാക്കുകളിൽ കുത്തിയിരുന്ന് സമരക്കാർ
Mail This Article
ന്യൂഡൽഹി∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 30ന് പഞ്ചാബിൽ ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയുമാണു ബന്ദിന് ആഹ്വാനം ചെയ്തത്. കർഷകർ ട്രെയിൻ തടഞ്ഞ് ഇന്നു നടത്തിയ പ്രതിഷേധത്തിൽ പഞ്ചാബിലെ ട്രെയിൻ സേവനങ്ങൾ താറുമാറായി. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ പലയിടത്തും കർഷകർ റെയിൽവേ ട്രാക്കുകളിൽ കുത്തിയിരുന്നു.
ജമ്മുവിൽനിന്ന് സീൽദയിലേക്കുള്ള ഹംസഫർ എക്‌സ്‌പ്രസ്, അമൃത്‌സറിൽനിന്ന് മുംബൈയിലേക്കുള്ള ദാദർ എക്‌സ്‌പ്രസ്, ന്യൂഡൽഹിയിൽനിന്ന് അമൃത്‌സറിലേക്കുള്ള ഷാൻ-ഇ-പഞ്ചാബ് എക്‌സ്‌പ്രസ് എന്നിവ ലുധിയാന റെയിൽവേ സ്റ്റേഷന്റെ വിവിധ പ്ലാറ്റ്ഫോമുകളിൽ നിർത്തിയിട്ടു. ന്യൂഡൽഹിയിൽനിന്ന് അമൃത്സറിലേക്കു വരികയായിരുന്ന ശതാബ്ദി എക്‌സ്പ്രസ് ഖന്ന റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടു.
2021ലെ ലഖിംപുര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്കു നീതി ലഭ്യമാക്കുക, കടം എഴുതിത്തള്ളുക, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പെന്‍ഷൻ ഏര്‍പ്പെടുത്തുക, വിളകളുടെ മിനിമം താങ്ങുവിലയ്ക്കു നിയമ പരിരക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഫെബ്രുവരിയിൽ ഡൽഹിയിലേക്കുള്ള മാർച്ച് തടഞ്ഞതിനെ തുടർന്നു പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തികളിൽ ക്യാംപ് ചെയ്യുകയാണു കർഷകർ.