നിക്ഷേപസംഗമത്തിനു സർക്കാർ; ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് കൊച്ചിയിൽ
Mail This Article
തിരുവനന്തപുരം ∙ 2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിനു തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ. കൊച്ചിയിൽ ലുലു ബോൾഗാട്ടി ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണു പരിപാടി. സമ്മിറ്റിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഇൻവെസ്റ്റ്‌മെന്റ് പ്രപ്പോസലുകൾ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ അവതരിപ്പിക്കുന്നതിനും വൻകിട (50 കോടിയിൽ കൂടുതൽ നിക്ഷേപമുള്ള) സംരംഭങ്ങൾക്കുള്ള അനുമതികൾ സമയബന്ധിതമായി നൽകുന്നതിനു നടപടികൾ ഏകോപിപ്പിക്കാനും രൂപീകരിച്ച ചീഫ് സെക്രട്ടറി ചെയർമാനായ ഹൈപവർ കമ്മിറ്റിയെ ചുമതലപ്പെടുത്തും. 2023ലെ വ്യവസായ നയത്തിനനുസൃതമായി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയുമാണു നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം.
ചെങ്കൽ ഖനനം: ചെങ്കൽ ഖനന മേഖല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ പരിഹരിക്കുന്നതിനു കേരള മൈനർ മിനറൽ കൺസഷൻ ചട്ടത്തിൽ ഭേദഗതി വരുത്തും. ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബിൽഡിങ് സ്റ്റോൺ)) റോയൽറ്റി നിരക്ക് നിലവിലെ 48 രൂപയിൽനിന്നു 32 രൂപയാക്കും. 2023ലെ കെഎംഎംസി ചട്ടം 13 ഭേദഗതി ചെയ്ത് ചെങ്കൽ ഖനനത്തിനു (ലാറ്ററൈറ്റ് (ബിൽഡിങ് സ്റ്റോൺ)) മാത്രം ഫിനാൻഷ്യൽ ഗ്യാരന്റി നിലവിലുള്ള 2 ലക്ഷം രൂപയിൽനിന്നു 50,000 ആയി കുറവു ചെയ്യും. ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബിൽഡിങ് സ്റ്റോൺ)) റോയൽറ്റി തുക ഒടുക്കുന്നതിനു 2 തവണകൾ അനുവദിച്ച് ചട്ട ഭേദഗതി വരുത്തും.
10 കോടിയുടെ ഭരണാനുമതി
മണാലി നദിക്കു കുറുകെയുള്ള കൈനൂർ റെഗുലേറ്റർ കം ബ്രിജ് എന്ന പ്രവർത്തിക്കു 10 കോടി രൂപയ്ക്കു ഭരണാനുമതി നൽകുന്നതിന് അംഗീകാരം നൽകി.
പുതിയ മാനേജിങ് ഡയറക്ടർമാർ
വ്യവസായ വകുപ്പിനു കീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടർമാരെ നിയമിച്ചു. യുനൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് - പണ്ടംപുനത്തിൽ അനീഷ് ബാബു, കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ലിമിറ്റഡ് - നജീബ് എം.കെ, കേരള സ്‌മോൾ ഇൻഡസ്ട്രീസ് ഡവലപ്പ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് - ആർ.ജയശങ്കർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് - ബി.ശ്രീകുമാർ, കേരള ആർട്ടിസാൻസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് - മാത്യു സി.വി.