ചോദ്യക്കടലാസ് ചോർച്ച: അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്, ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു
Mail This Article
കോഴിക്കോട് ∙ ചോദ്യക്കടലാസ് ചോർച്ചയിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. ബുധനാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. ഡിഡിഇ മനോജ് കുമാർ ഉൾപ്പെടെയുള്ളവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്. ചോദ്യപ്പേപ്പർ ചോർന്നതായി സംശയമുണ്ടെന്നും യുട്യൂബ് ചാനലുകളാണു പിന്നിലെന്നു കരുതുന്നതായും ഡിഡിഇ മൊഴി നൽകിയതായാണ് വിവരം. വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.
ചോദ്യപ്പേപ്പർ ചോർന്നുവെന്ന് ആദ്യം ആരോപണം ഉന്നയിച്ച അധ്യാപകരുടെയും മൊഴിയെടുത്തു. താമരശ്ശേരിയിലെ സ്കൂളുകളിൽ എത്തിയാണു മൊഴിയെടുത്തത്. മുൻപരീക്ഷകളിലും ചോദ്യപ്പേപ്പർ ചോർന്നുവെന്ന് അധ്യാപകർ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല. സംഭവത്തിൽ ഇതുവരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ല. ആരോപണ വിധേയമായ എംഎസ് സൊല്യൂഷനുമായി ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്തില്ല.
ചൊവാഴ്ച രാത്രി എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് ബുധനാഴ്ച നടക്കാൻ പോകുന്ന എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള പാഠഭാഗങ്ങളും ചോദ്യങ്ങളും യുട്യൂബിലൂടെ പങ്കുവച്ചിരുന്നു. ഇന്ന് നടന്ന പരീക്ഷയിൽ 32 ചോദ്യം ഷുഹൈബ് ഇന്നലെ പറഞ്ഞതാണെന്നും ചോദ്യക്കടലാസ് ചോർന്നുവെന്നും ആരോപിച്ച് കെഎസ്‌യു രംഗത്തെത്തി. ചോദ്യക്കടലാസ് ചോർത്തിയിട്ടില്ലെന്നും വൻകിട ട്യൂഷൻ സെന്ററുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഷുഹൈബ് ആവശ്യപ്പെട്ടു.