വർഷങ്ങൾക്ക് മുൻപുള്ള പറ്റ് തുക കടയുടമ മറന്നു, തിരിച്ചയച്ച് അജ്ഞാതൻ; 450 രൂപയ്ക്ക് പകരം 1000 രൂപ!
Mail This Article
മൂന്നാർ ∙ കടയുടമ പോലും മറന്ന പറ്റ് തുക വർഷങ്ങൾക്കു ശേഷം തപാലിൽ അയച്ച് അജ്ഞാതൻ. വർഷങ്ങൾക്ക് മുൻപ് പലചരക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ പണം നൽകാനുണ്ടായിരുന്നയാൾ 450 രൂപയ്ക്ക് പകരം 1000 രൂപ തപാലിൽ അയച്ചുകൊടുത്തു.
മൂന്നാർ ടൗണിലെ മെയിൻ ബസാറിലെ പലചരക്ക് കടയിലാണ് കഴിഞ്ഞ ദിവസം കത്തു കിട്ടിയത്. കടയുടമ കത്ത് തുറന്നപ്പോൾ രണ്ട് 500 രൂപയുടെ നോട്ടുകളും ഉണ്ടായിരുന്നു. കത്ത് ഇങ്ങനെ:
‘ഞാൻ വർഷങ്ങൾക്ക് മുൻപ് താങ്കളുടെ സ്ഥാപനത്തിൽ നിന്നും കുറച്ച് പലചരക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ 450 രൂപ നൽകാനുണ്ടായിരുന്നു. ജീവിത സാഹചര്യങ്ങൾ കൊണ്ട് എനിക്ക് പണം നൽകാൻ കഴിഞ്ഞില്ല. ഞാനും കുടുംബവും അടുത്തയിടെ പ്രാർഥിക്കുന്നതിനിടെ ലഭിച്ച ബൈബിൾ വാചകം എന്റെ ഹൃദയത്തെ ഏറെ സ്വാധീനിച്ചു. ഞാൻ നൽകാനുള്ള പണവും അതിന്റെ പലിശയിനത്തിൽ കുറച്ചുതുകയും ചേർത്ത് ഇതോടൊപ്പം അയയ്ക്കുന്നു. സാധനം വാങ്ങിയശേഷം ഇത്രയും വർഷമായിട്ടും പണം നൽകാതിരുന്നതിന് ക്ഷമാപണം.’
കത്തിൽ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ ഒന്നുമില്ലാത്തതു കൊണ്ടും വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാലും കടയുടമയ്ക്കും ആളാരാണെന്ന് ഓർമയില്ല. എന്തായാലും ലഭിച്ച പണം മൂന്നാർ സുബ്രമണ്യക്ഷേത്രത്തിലേക്ക് സംഭാവനയായി നൽകുമെന്ന് കടയുടമ പറഞ്ഞു.