ADVERTISEMENT

കൽപറ്റ∙ അരീക്കോട്ടെ സ്‌പെഷല്‍ ഓപ്പറേഷന്‍ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്തു മരിച്ച സംഭവത്തിൽ അസിസ്റ്റന്റ് കമാൻഡന്റ് അജിത്തിനെതിരെ കുടുംബം. വിനീതിന്റെ ആത്മഹത്യയ്ക്കു പിന്നിൽ അജിത്താണെന്നു വിനീതിന്റെ സഹോദരൻ വിപിൻ ആരോപിച്ചു.

‘‘അജിത്, വിനീതിനെ നിരന്തരം പീഡിപ്പിക്കും. അവധി നൽകില്ലായിരുന്നു. ഗർഭിണിയായ ഭാര്യയെ കാണാൻ പോലും അനുമതി നൽകിയില്ല. വിനീതിന്റെ മൃതദേഹത്തോടു പോലും അനാദരവ് കാണിച്ചു. ആശുപത്രിയിലെ ശുചിമുറിക്കു മുന്നിലാണ് മൃതദേഹം വച്ചത്. സുഹൃത്തിനയച്ച അവസാന സന്ദേശത്തിലും പീഡനം വ്യക്തമാണ്. അജിത്തിനെ മാറ്റിനിർത്തി വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകും’’– വിപിൻ പറഞ്ഞു.

അജിത്തിനു വിനീതിനോടു വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നും പീഡിപ്പിക്കുമായിരുന്നുവെന്നും സഹപ്രവർത്തകരും മൊഴി നൽകിയെന്നാണു വിവരം. 3 വർഷം മുൻപു വിനീതിന്റെ സുഹൃത്തായ കമാൻഡോ സുനീഷ്, ക്യാംപിലെ ട്രെയിനിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചിരുന്നു. സുനീഷിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതു വിനീത് ചോദ്യം ചെയ്തതാണ് അജിത്തിനു വൈരാഗ്യമുണ്ടാകാൻ കാരണമെന്നും മൊഴിയിലുണ്ട്. വിനീതിന്റെ ആത്മഹത്യയിൽ, കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായാണു കമാൻഡോകളുടെ മൊഴി രേഖപ്പെടുത്തിയത്.

വയനാട് കോട്ടത്തറ സ്വദേശി വിനീത് (36) ഞായറാഴ്ചയാണ് ആത്മഹത്യ ചെയ്തത്. തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെ സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷമാണു മരണകാരണമെന്ന് സഹപ്രവർത്തകർ അന്നുതന്നെ ആരോപണം ഉന്നയിച്ചു. വിനീതിനു ഭാര്യയും മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്.

English Summary:

Kerala Police officer Vineeth's suicide is under investigation following accusations of harassment by Assistant Commandant Ajith. His brother alleges constant harassment leading to the tragic event, prompting a demand for a thorough investigation and Ajith's removal from the case.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com