ADVERTISEMENT

കൊച്ചി ∙ വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിനു പിന്നാലെ, മുൻ‍ രക്ഷാപ്രവർത്തനത്തിന്റെ പണം കേന്ദ്രം ആവശ്യപ്പെട്ടതിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132.62 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ജൂലൈ 30നാണ് വയനാട്ടിൽ ഉരുൾപൊട്ടലുണ്ടാകുന്നത്. 2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിങ് ചാര്‍ജുകള്‍ ഓർമപ്പെടുത്തി 2024 ഒക്ടോബർ 22ന് കേന്ദ്രം കത്തയച്ചിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിനു തൊട്ടുപിന്നാലെ എങ്ങനെയാണ് ഇത്തരമൊരു ‘മാന്ത്രിക ഓർമപ്പെടുത്തൽ’ അയച്ചത് എന്നും കോടതി വാക്കാൽ ചോദിച്ചു. ദുരന്ത നിവാരണ ചട്ടങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കുന്ന കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിക്കാനും കോടതി നിർദേശിച്ചു. 

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, എസ്.ഈശ്വരൻ എന്നിവരുെട ബെഞ്ച് കേന്ദ്രത്തോട് ചോദ്യങ്ങൾ ആരാഞ്ഞത്. ദുരന്തത്തെ നേരിടാൻ സംസ്ഥാന സർക്കാർ അടിയന്തര സഹായം ആവശ്യപ്പെട്ടിട്ടുണ്ടല്ലോ എന്നു കോടതി പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയതിന് കേന്ദ്രത്തിനു നൽകാൻ സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ (എസ്ഡിആർഎഫ്) വകയിരുത്തിയിട്ടുള്ള തുക വാങ്ങുന്നത് കുറച്ചുനാൾ നീട്ടിവയ്ക്കുന്ന കാര്യം പരിഗണിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 132.62 കോടി രൂപയിൽ 2024 മേയ് മാസം വരെയുള്ള 120 കോടി രൂപ കേരളം നൽകുന്നത് തൽക്കാലത്തേക്ക് നീട്ടിവയ്ക്കുന്നത് അനുവദിക്കാമോ എന്ന് ഇനി കേസ് പരിഗണിക്കുന്ന ജനുവരി 10ന് കേന്ദ്രം അറിയിക്കണം. ഇതിനൊപ്പം എസ്ഡിആർഎഫിലെ തുക ചെലവഴിക്കുന്നതിന് മാനദണ്ഡങ്ങളിൽ ആവശ്യമായ ഇളവ് അനുവദിക്കുന്ന കാര്യവും കേന്ദ്രം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര ആശ്വാസമായി 219 കോടി രൂപ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അടുത്തിടെ 153 കോടി രൂപ കേന്ദ്രം അനുവദിച്ചെങ്കിലും നിബന്ധനകൾക്ക് വിധേയമായിരുന്നു. എസ്ഡിആർഎഫിലുള്ള തുകയുടെ 50 ശതമാനം വിനിയോഗിക്കുന്നതിന് അനുസൃതമായി മാത്രമേ ഈ തുക ലഭിക്കൂ എന്നതായിരുന്നു ഇത്. എന്നാൽ എസ്‍ഡിആർഎഫിൽ 700.5 കോടി രൂപ ഉണ്ടെങ്കിലും ഇതിൽ 638.97 കോടി രൂപയും പലവിധ ആവശ്യങ്ങൾക്കായി ഇതിനകം തന്നെ വകയിരുത്തിയിട്ടുള്ളതാണ്. ബാക്കി വരുന്ന 61.03 കോടി രൂപ മാത്രമാണെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടിയിരുന്നു. ഫലത്തിൽ 153 കോടി രൂപ ലഭിക്കില്ല എന്നതാണ് ഇതിനർഥമെന്നും സംസ്ഥാന സർക്കാർ പറയുന്നു. തുടർന്നാണ് എസ്ഡിആർഎഫിൽ മുൻ രക്ഷാപ്രവർത്തനത്തിന്റെ പ്രതിഫലമായി നീക്കി വച്ചിട്ടുള്ള 120 കോടി രൂപ അടിയന്തരമായി ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കാമോ എന്നറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. പുതുവത്സരത്തില്‍ വയനാട് നടത്താൻ തീരുമാനിച്ചിട്ടുള്ള ഫെസ്റ്റിന്റെ വിശദാംശങ്ങൾ സമർപ്പിക്കാനും കോടതി നിർദേശിച്ചു.

English Summary:

HC Questions Centre's Reimbursement Demand : The Kerala High Court questioned the Centre's demand for ₹132.62 crore reimbursement for Wayanad landslide rescue operations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com