എംപിമാരെ കയ്യേറ്റം ചെയ്തു, വനിതാ എംപിയെ അപമാനിച്ചു: രാഹുൽ ഗാന്ധിക്കെതിരെ കേസ്
Mail This Article
ന്യൂഡൽഹി∙ പാർലമെന്റ് വളപ്പിലെ സംഘർഷത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു. നിയമോപദേശം ലഭിച്ച ശേഷമാണു നടപടിയെന്നാണു പൊലീസ് വിശദീകരണം. എംപിമാരെ കയ്യേറ്റം ചെയ്തുവെന്നും വനിത എംപിയെ അപമാനിച്ചെന്നും ചൂണ്ടികാട്ടിയാണ് ബിജെപി എംപിമാർ രാഹുലിനെതിരെ പരാതി നൽകിയത്. രാഹുൽ ഗാന്ധി കാരണം രണ്ട് എംപിമാർക്ക് പരുക്കേറ്റെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞിരുന്നു.
സെക്ഷൻ 109, 115, 117, 121,125, 351 വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ബിജെപി പരാതി നൽകിയത്. ഇന്ന് പാർലമെന്‍റിലുണ്ടായ പ്രശ്നങ്ങൾക്കെല്ലാം കാരണം രാഹുൽ ഗാന്ധിയാണെന്നും പരാതിയിൽ ബിജെപി ആരോപിച്ചു. രാഹുൽ അകാരണമായി തട്ടിക്കയറിയെന്നാണു നാഗാലൻഡിൽ നിന്നുള്ള വനിതാ എംപി ഫാംഗ് നോൻ കൊന്യാക് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്‍റേതെന്നും ഫാംഗ് നോൻ കൊന്യാക് പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എംപിമാരെ കയ്യേറ്റം ചെയ്തുവെന്നും മന്ത്രി കിരൺ റിജിജുവും ആരോപിച്ചു. രാഹുൽ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.