‘പൊലീസല്ല, കള്ളൻ’: കത്തി കാണിച്ച് 15 ലക്ഷം തട്ടി; 4 ഉദ്യോഗസ്ഥർ അറസ്റ്റിൽ
Mail This Article
ചെന്നൈ ∙ യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവർന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുകാരനും അറസ്റ്റിൽ. ഓൾഡ് വാഷർമാൻപെട്ട് സ്വദേശി എച്ച്.മുഹമ്മദ് ഗൗസിന്റെ പരാതിയിൽ ആദായനികുതി ഇൻസ്പെക്ടർ ദാമോദരൻ, ഓഫിസർ പ്രദീപ്, സൂപ്രണ്ട് രഘു, ട്രിപ്ലിക്കേൻ സ്പെഷൽ സബ് ഇൻസ്പെക്ടർ രാജ സിങ് എന്നിവരാണ് അറസ്റ്റിലായത്.
സുഹൃത്തിനു സിടി സ്കാൻ യന്ത്രം വാങ്ങാനുള്ള 20 ലക്ഷം രൂപയുമായി ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന ഗൗസിനെ എസ്എസ്ഐ രാജ തടയുകയും ബാഗ് പരിശോധിക്കുകയും ചെയ്തിരുന്നു. ഇയാൾ അറിയിച്ചതനുസരിച്ച് എത്തിയ ആദായനികുതി ഉദ്യോഗസ്ഥർ, ഗൗസിനെ കാറിൽ കയറ്റുകയും എഗ്‌മൂറിലെത്തിയപ്പോൾ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് വഴിയിൽ ഇറക്കിവിടുകയുമായിരുന്നു.
20 ലക്ഷം രൂപ കൊള്ളയടിച്ചതായി ഗൗസ് നൽകിയ പരാതിയിലാണ് 4 പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. 5 ലക്ഷം രൂപ മറ്റൊരാൾക്കു നൽകിയ ഗൗസ് ആ തുക കൂടി ഉൾപ്പെടുത്തി 20 ലക്ഷം നഷ്ടപ്പെട്ടെന്നു പരാതി നൽകുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി.