എല്ലാ സ്വാതന്ത്ര്യവുമുള്ള വേലികെട്ടാത്ത പാർട്ടി: ബിജെപി വയനാട് മുൻ ജില്ലാ പ്രസിഡന്റ് കെ.പി. മധു കോൺഗ്രസിൽ
Mail This Article
കൽപറ്റ∙ ബിജെപി വയനാട് മുൻ ജില്ലാ പ്രസിഡന്റ് കെ.പി. മധു കോൺഗ്രസിൽ ചേർന്നു. ഡിസിസി ഓഫിസിൽ നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ മധുവിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. എല്ലാ സ്വാതന്ത്ര്യവുമുള്ള ജനാധിപത്യ പാർട്ടിയായതിനാലാണ് കോൺഗ്രസിൽ ചേരുന്നതെന്ന് മധു പറഞ്ഞു. വേലികെട്ടാത്ത പാർട്ടിയാണ് കോൺഗ്രസ്. പാർട്ടി നിശ്ചയിക്കുന്ന മേഖലയിൽ പ്രവർത്തിക്കും. എന്തെങ്കിലും വാഗ്ദാനത്തിന്റെ പുറത്തല്ല കോൺഗ്രസിൽ ചേർന്നത്. വാഗ്ദാനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മധു പറഞ്ഞു.
നവംബർ 26നാണ് മധു ബിജെപിയിൽനിന്നു രാജിവച്ചത്. ഗുസ്തി കളിക്കാനും ദോസ്തി കളിക്കാനും ഗ്രൂപ്പ് കളിക്കാനും ബിജെപിയിൽ നിൽക്കേണ്ട കാര്യമില്ലെന്നായിരുന്നു മധു പറഞ്ഞത്. തുടർന്ന് കോൺഗ്രസും സിപിഎമ്മുമായും മധു ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇതിനിടെ കോൺഗ്രസിൽ ചേർന്ന് സന്ദീപ് വാരിയർ മധുവുമായി ചർച്ച നടത്തിയിരുന്നു.
ഒൻപതു മാസത്തോളമായി ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും മധുവിനെ മാറ്റി നിർത്തിയിരിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണ് മധുവിനെ മാറ്റി പ്രശാന്ത് മലവയലിനെ ബിജെപി ജില്ലാ പ്രസിഡന്റാക്കിയത്. വൈദികർക്കെതിരെ നടത്തിയ പരാമർശമാണ് മധുവിന്റെ സ്ഥാനം തെറിക്കാൻ കാരണമായത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ വലിയ വിവാദം ഉടലെടുത്തിരിക്കെയായിരുന്നു മധു രാജിവച്ചത്. എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ, സണ്ണി ജോസഫ്, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി എന്നിവരുൾപ്പെടെയുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.