ADVERTISEMENT

തിരുവനന്തപുരം∙ എൻസിപിയിലെ മന്ത്രിമാറ്റ ചർച്ചയിൽ സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയെ രൂക്ഷമായി വിമർശിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ. തോമസ്.കെ.തോമസിനെ തനിക്കെതിരായ പരിചയാക്കാനുള്ള നീക്കമാണ് പി.സി.ചാക്കോ നടത്തുന്നതെന്നു ശശീന്ദ്രൻ ആരോപിച്ചു. ഇതോടെ എൻസിപിയിലെ തർക്കം പരസ്യമായി തന്നെ മന്ത്രി സമ്മതിച്ചു. തോമസ്.കെ.തോമസിൽ മുഖ്യമന്ത്രിയ്ക്ക് അതൃപ്തിയുണ്ടെന്നും അതുകൊണ്ടാണ് മന്ത്രിസഭയിലേക്ക് എടുക്കാത്തതെന്നും ശശീന്ദ്രൻ വെളിപ്പെടുത്തി. താൻ രാജിവച്ചാൽ മറ്റൊരു മന്ത്രിസ്ഥാനം എൻസിപിയ്ക്ക് നൽകില്ലെന്നതാണു മുഖ്യമന്ത്രിയുടെ നിലപാടെന്നും ഇക്കാര്യം ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ധരിപ്പിച്ചിട്ടുണ്ടെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

‘‘തോമസ് സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ തുടങ്ങിയപ്പോൾ മുതലാണ് മന്ത്രിമാറ്റം സംബന്ധിച്ച സംശയം തുടങ്ങിയത്. ഞാൻ ഇക്കാര്യം ചാക്കോയോട് ചോദിച്ചപ്പോൾ സംശയം വേണ്ടെന്നും ഒരു ചാൻസ് അദ്ദേഹത്തിന് നൽകേണ്ടതല്ലെയെന്നും ചാക്കോ പറഞ്ഞു. തോമസിനെ മന്ത്രിയാക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവുമില്ലെന്ന് ഞാൻ ചാക്കോയോട് പറഞ്ഞു. ഇക്കാര്യം വാർത്തയായി വന്നപ്പോൾ മുഖ്യമന്ത്രി ചാക്കോയെയും എന്നെയും വിളിപ്പിച്ചിരുന്നു. മന്ത്രിയെ മാറ്റാനുള്ള ആലോചന എൻസിപിയിൽ നടക്കുന്നുണ്ടെങ്കിൽ, എൻസിപിയ്ക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം വേണ്ടെന്നാണെന്ന് മുഖ്യമന്ത്രി ഞങ്ങളോട് പറഞ്ഞത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ആദ്യം വേണ്ടത് മുഖ്യമന്ത്രിയുടെ അഭിപ്രായം ഒന്നുകൂടി അറിയുക എന്നതാണെന്ന് ഞാൻ ചാക്കോയോട് വ്യക്തമാക്കി. തുടർന്ന് നടപടികൾ എടുക്കണമെന്നും ആവശ്യപ്പെട്ടു. അതല്ലാതെ എന്നെ മാറ്റാനുള്ള ചർച്ചയാക്കി ഇത് എടുക്കുന്നതിൽ എന്ത് അർഥമാണെന്നും ഞാൻ ചാക്കോയോട് ചോദിച്ചു. തോമസിനെ പരിചയാക്കി എന്നെ മാറ്റാനുള്ള നീക്കമാണ് പി.സി. ചാക്കോ നടത്തിയത്’’ – ശശീന്ദ്രൻ തുറന്നടിച്ചു. 

‘‘തോസമിന് മന്ത്രി സ്ഥാനം കിട്ടുന്നത് സംബന്ധിച്ച സൂചന കിട്ടിയാൽ ഞാൻ ഉടൻ മന്ത്രി സ്ഥാനം രാജിവയ്ക്കും. തോമസിനെ ഞാൻ അനുകൂലിക്കും. അതിനു ശേഷമാണ് ശരദ് പവാർ ഞങ്ങളെ മൂന്നു പേരെയും മുംബൈയിലേക്ക് വിളിപ്പിച്ചത്. തോമസിനെ മന്ത്രിയാക്കാൻ വേണ്ടി രാജിവയ്ക്കാൻ ഒരുക്കമാണെന്നും പക്ഷേ തോമസ് മന്ത്രിയാകുമെന്നതിൽ ഉറപ്പ് വേണമെന്നും ഞാൻ ശരദ് പവാറിനോട് പറഞ്ഞു. എന്തുകൊണ്ടാണ് ശശീന്ദ്രൻ ഇങ്ങനെ പറയുന്നതെന്ന് പവാർ ചോദിച്ചു. തോമസിനെ കാബിനറ്റിലേക്ക് എടുക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് അസംതൃപ്തിയുണ്ടെന്ന് അറിയിച്ചു. പവാർ ഇക്കാര്യം ചാക്കോയോട് ചോദിച്ചപ്പോൾ ചാക്കോയും മുഖ്യമന്ത്രിയുടെ അസംതൃപ്തിയെ കുറിച്ച് സമ്മതിച്ചു. മുഖ്യമന്ത്രിയുടെ അനിഷ്ടം നിലനിൽക്കെ ഞാൻ രാജിവയ്ക്കുന്നതിലെ യുക്തി എനിക്കോ പ്രവർത്തകർക്കോ മനസിലാകുന്നില്ല. ഇത് മുന്നണിയോടും മുഖ്യമന്ത്രിയോടും ഏറ്റുമുട്ടുന്ന നിലപാടാണ്. അതിന് ഞാനില്ലെന്ന് ചർച്ചയിൽ വ്യക്തമാക്കി. രാജിവച്ചാൽ എൽഡിഎഫിൽ നിന്ന് അകന്നു പോകേണ്ടി വരും. അതിനും ഞാൻ തയ്യാറല്ലെന്ന് പവാറിനോട് വിശദീകരിച്ചു’’ – ശശീന്ദ്രൻ വെളിപ്പെടുത്തി.

‘‘എൻസിപി സംസ്ഥാന നിർവാഹ സമിതിയോഗത്തിലും ഞാൻ നിലപാട് വ്യക്തമാക്കി. തോമസിന് മന്ത്രിയാകാൻ വേണ്ടി ഞാൻ രാജിവയ്ക്കാം. പക്ഷേ മുഖ്യമന്ത്രിയ്ക്ക് അസംതൃപ്തിയുള്ള ആളെ മന്ത്രിയാക്കാനോ കാബിനറ്റിലേക്ക് എടുക്കാനോ ആർക്കും അധികാരമില്ല. ഫലത്തിൽ തോമസിനെ പരിചയാക്കുന്ന തോന്നൽ ചാക്കോയ്ക്കും വന്നു തടുങ്ങി. തോമസിൽ മുഖ്യമന്ത്രിയ്ക്ക് അസംതൃപ്തിയുണ്ട്. മന്ത്രിയാകാൻ പോകുന്ന വ്യക്തിയിൽ മുഖ്യമന്ത്രിയുടെ ‘വിൽ ആന്റ് പ്ലഷർ’ പ്രധാനമാണ്. തോമസിനെ മന്ത്രിയാക്കാത്ത സാഹചര്യത്തിൽ ഞാൻ എന്തിന് രാജിവയ്ക്കണം എന്ന ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ല. മന്ത്രിയെന്ന നിലയിൽ ശശീന്ദ്രന്റെ പ്രവർത്തനം പരാജയമാണെങ്കിൽ അത് വേറെ ഘട്ടത്തിൽ പരിശോധിക്കാം’’ – ശശീന്ദ്രൻ വിവാദങ്ങൾക്കു മറുപടി നൽകി.

English Summary:

Ministerial Reshuffle: A.K. Saseendran criticizes NCP state president P.C. Chacko amidst a Kerala ministerial reshuffle controversy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com