ADVERTISEMENT

കോട്ടയം∙ റോഡപകടങ്ങൾ പെരുകുമ്പോഴും റോഡ് ക്യാമറ പദ്ധതിയിൽ സർക്കാരിന്റെ അലംഭാവം. പദ്ധതി ആരംഭിച്ച 2023 ജൂൺ 5 മുതൽ ഈ മാസം വരെ നിയമലംഘകർക്ക് കെൽട്രോൺ അയച്ചത് 87 ലക്ഷം ചലാൻ. 500 രൂപ ശരാശരി പിഴ കണക്കാക്കിയാലും സർക്കാരിനു ലഭിക്കേണ്ടത് 435 കോടി. എന്നാൽ, പദ്ധതി നടത്തിപ്പുകാരായ കെൽട്രോണിന് ജൂൺ മാസം മുതൽ പ്രവർത്തന ചെലവായി നൽകേണ്ട 22 കോടി സർക്കാർ നൽകിയിട്ടില്ല. ചലാൻ അയയ്ക്കാനും ജീവനക്കാർക്കു പണം നൽകാനും കഷ്ടപ്പെടുകയാണ് കെൽട്രോൺ. ക്യാമറകളുടെ പ്രവർത്തനത്തിനായി ഒരു മാസം വേണ്ടത് ഒരു കോടിയിലധികം രൂപയാണ്.

ജൂൺ അഞ്ചിന് രാവിലെ എട്ടു മുതലാണ് നിയമലംഘനത്തിന് റോഡ് ക്യാമറകൾ പിഴ ഈടാക്കി തുടങ്ങിയത്. പദ്ധതി സംബന്ധിച്ച് ആരോപണം ഉയർന്നതോടെ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ പദ്ധതി പ്രവർത്തനത്തിനുള്ള പണം നൽകുന്നതു നിർത്തി. ക്യാമറകളുടെ ഇന്റർനെറ്റ് കണക്ടിവിറ്റി, ചലാൻ, വൈദ്യുതി, 140 ജീവനക്കാരുടെ ശമ്പളം തുടങ്ങിയവ നൽകുന്നത് കെൽട്രോണാണ്. ഹൈക്കോടതിയുടെ നിരന്തര ഇടപെടലിനെ തുടർന്ന് വിവിധ ഘട്ടങ്ങളിലായി തുക സർക്കാർ കൈമാറി. 2024 ജൂൺ മുതൽ നവംബർവരെയുള്ള തുക കൈമാറിയിട്ടില്ല. ഈ കാലയളവിൽ 22 ലക്ഷം ചലാനാണ് നിയമം ലംഘിച്ചവർക്ക് അയച്ചത്. 

20 രൂപയാണ് ഒരു ചലാൻ അയയ്ക്കാൻ കെൽട്രോണിനു ചെലവ്. മോട്ടർവാഹന വകുപ്പിന്റെ ജില്ലകളിലെ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിലാണ് 140 ജീവനക്കാർ ജോലി ചെയ്യുന്നത്. ഇവരിൽ സ്ഥിരം, കരാർ ജോലിക്കാരുണ്ട്. 692 ക്യാമറകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 660 മാത്രം. റോഡ് നവീകരണത്തിന്റെയും അറ്റകുറ്റപ്പണികളുടെയും ഭാഗമായി ചില ക്യാമറകൾ മാറ്റി. ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇട്ടില്ലെങ്കിൽ 500 രൂപയാണ് പിഴ. ഡ്രൈവിങിനിടെ ഫോൺ ഉപയോഗത്തിന് 2000രൂപയും അമിതവേഗത്തിന് 1500രൂപയുമാണ് പിഴ. അനധികൃത പാർക്കിങ്ങിന് 250രൂപ പിഴ ചുമത്തും.

English Summary:

Road Camera Project: Kerala's road camera project faces a financial crisis due to government delays in payment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com