ADVERTISEMENT

തിരുവനന്തപുരം∙ സിഎംആര്‍എല്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്  കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്നാണ് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാർ അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആ രാഷ്ട്രീയ നേതാവ്  ആരാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമുണ്ടെന്ന്  മാത്യു കുഴല്‍നാടന്‍ എംഎല്‍എ. 

‘‘എസ്എഫ് ഐഒയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍  ആ രാഷ്ട്രീയ നേതാവ് താനല്ലെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഇപ്പോഴുമുണ്ടോ?  ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയ പി.വി എന്ന ആൾ താനല്ലെന്ന് ഒരിക്കല്‍ക്കൂടി കേരളീയ പൊതുസമൂഹത്തോട് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?  സിഎംആര്‍എല്‍ നല്‍കിയ കോടികള്‍ കൈപ്പറ്റിയ പി.വി താനാണെന്ന് അംഗീകരിക്കുന്നതിന് തുല്യമാണ് മുഖ്യമന്ത്രിയുടെ മൗനം. ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയ പേരിലെ പി.വി താനല്ലെന്ന് പറഞ്ഞത് പിണറായി വിജയനാണ്. മറ്റാരും അല്ലെന്ന് പറഞ്ഞിട്ടില്ല. തന്റെ കൈകള്‍ ശുദ്ധമാണെന്ന് പറഞ്ഞതും പിണറായി വിജയനാണ്. കേരളത്തില്‍ ഈ പേരുള്ള മറ്റൊരു പൊതു പ്രവര്‍ത്തകനുണ്ടോ’’ – മാത്യു കുഴൽ‌നാടൻ‌ ചോദിച്ചു.

‘‘അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്എഫ്‌ഐഒയ്ക്ക് അനുവദിച്ച സമയപരിധി എട്ടു മാസമാണ്. എന്നാല്‍ ഇതുവരെ അന്വേഷണം പൂര്‍ത്തിയായില്ല. അനുവദിച്ച സമയപരിധി കഴിഞ്ഞിട്ട്  3 മാസമായി. കെഎസ്‌ഐഡിസിയും വീണാ വിജയനും ഓരോ ഹൈക്കോടതിയെ സമീപിച്ചു. അവിടെനിന്ന് തിരിച്ചടി കിട്ടിയപ്പോള്‍ സിഎംആര്‍എലിനെ കൊണ്ട് മൂന്നാമത്തെ ഹൈക്കോടതിയെ സമീപിപ്പിച്ചു. രണ്ട് ഹൈക്കോടതികള്‍ തള്ളുകയും മൂന്നാമത്തെ ഹൈക്കോടതി കേസില്‍ ഇടപെടാന്‍ മടിക്കുകയും ചെയ്ത കേസിലാണ് എട്ടു മാസമായിട്ടും അന്വേഷണ റിപ്പോര്‍ട്ട് എസ്എഫ്ഐഒ നല്‍കാത്തത്. ആര്‍ക്കുവേണ്ടിയാണ് അന്വേഷണം നീട്ടി കൊണ്ടുപോകുന്നത്?

എസ്എഫ്ഐഒ അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞത് അന്വേഷണം പൂര്‍ത്തിയായെന്നാണ്. എങ്കില്‍ എന്തു കൊണ്ട് നടപടിയിലേക്ക് പോയില്ല. അന്വേഷണം അനാവശ്യമായി നീട്ടിക്കൊണ്ടുപോകാന്‍ പുതിയ വാദം നിരത്തുകയാണ്. അതിന്റെ ഭാഗമാണ് രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ മാധ്യമ സ്ഥാപനങ്ങള്‍ക്കും ഭീകര സംഘടനകളുമായി ബന്ധമുള്ള ചിലര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയെന്ന് പറയുന്നത്.

എക്‌സാലോജിക് പണമിടാപാടില്‍ അന്വേഷണം പൂര്‍ത്തിയാക്കി നടപടികളിലേക്ക് കടക്കണം. സത്യസന്ധവും ആത്മാര്‍ഥവുമായി ഈ കേസ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി ജയിലിലാകുന്നതിന് എത്രയോ മുൻപ് പിണറായി വിജയനും മകളും ജയിലിലാകുമായിരുന്നു. അങ്ങനെ ഒരു അവസ്ഥയുണ്ടാകാതെ സംരക്ഷിച്ചതും പിണറായി വിജയന്റെ രാഷ്ട്രീയ ആയുസ് നീട്ടിക്കൊടുത്തതും മോദിയാണ്. പിണറായി വിജയനെയും കുടുംബത്തേയും  അഴിമതിയുടെ പേരില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി തൊടലിട്ട് പിടിച്ചിരിക്കുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.  പിണറായി മുഖ്യമന്ത്രി പദവിയില്‍ തുടരുന്നത് മോദിയുടെ ദയ കൊണ്ടുമാത്രമാണ്. 

ടോം ആന്റ് ജെറി കാര്‍ട്ടൂണിലെപ്പോലെയാണ് പിണറായി വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം.  ഇ.ഡി, എസ്എഫ്ഐഒ, സിബിഐ എന്നിവ കാര്‍ട്ടൂണ്‍ കഥാപാത്രമായ ടോമിനെപ്പോലെയാണ്. പിണറായി വിജയന്റെത് ജെറി പൂച്ചയുടെ അവസ്ഥയാണ്. എപ്പോള്‍ വേണമെങ്കിലും പിടിവീഴാമെന്ന ജെറി പൂച്ചയുടെ അവസ്ഥയിലുള്ള പിണറായി വിജയന്‍ ബിജെപിക്കു വേണ്ടി എന്തും ചെയ്തു കൊടുക്കുമെന്ന നിലയിലാണ്.

ബിജെപിക്കു വേണ്ടി എസ്എഫ്ഐഒ ഒരു പാര്‍ലമെന്റ് സീറ്റ് കേരളത്തില്‍ നേടി. അതില്‍ ഏറ്റവും നിര്‍ണായക പങ്കു വഹിച്ച എഡിജിപി അജിത് കുമാറിന് ഡിജിപിയായി മുഖ്യമന്ത്രി സ്ഥാനക്കയറ്റം നല്‍കി. പിണറായി വിജയനും കുടുംബവും നടത്തിയ അഴിമതി പൊതുസമൂഹത്തില്‍ തെളിയിക്കുന്നതു വരെ ശക്തമായ പോരാട്ടം തുടരും. അതിന് കരുത്തു നല്‍കുന്ന വെളിപ്പെടുത്തലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും വന്നത്.’’ – മാത്യു കുഴൽനാടൻ പറഞ്ഞു.

English Summary:

CMRL Corruption Allegation: MLA Mathew Kuzhalnadan demands CM Pinarayi Vijayan reveal the identity of the political leader who received crores from CMRL company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com