ബാഗിൽ എന്തെന്ന് നാട്ടുകാർ, ഇറച്ചിയെന്നു യുവാവ്; ഭാര്യയുടെ മൃതദേഹം പുറത്തെടുത്തു പൊലീസ്
Mail This Article
നാഗർകോവിൽ∙ യുവതിയെ കൊന്ന് ശരീരഭാഗങ്ങൾ ബാഗിലാക്കി ഉപേക്ഷിക്കാൻ കൊണ്ടുപോയ ഭർത്താവ് അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച ദാരുണമായ കൊലപാതകം നടന്നത്. അഞ്ചുഗ്രാമം സമീനപുരം സ്വദേശിയായ മരിയ സന്ധ്യ (30) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മാരിമുത്തുവിനെ (36) പൊലീസ് അറസ്റ്റു ചെയ്തു.
മരിയയുടെ മൃതദേഹം അരിവാളുപയോഗിച്ചു മൂന്നു കഷണങ്ങളാക്കി വെട്ടിമുറിച്ച ശേഷം മാരിമുത്തു ബാഗുകളിലാക്കിയിരുന്നു. ബാഗുകളുമായി പോകുകയായിരുന്ന മാരിമുത്തുവിന് നേരെ സമീപത്തുനിന്ന നായ കുരച്ച് ബഹളം വച്ചു. ഇതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. ബാഗിലെന്താണെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇറച്ചിയാണെന്നായിരുന്നു മറുപടി. പിന്നാലെ മാരിമുത്തുവിനെ തടഞ്ഞുനിർത്തിയ നാട്ടുകാർ, പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണു ബാഗുകളില്‍ നിന്നു മരിയയുടെ മൃതദേഹം കണ്ടെത്തിയത്.
തൂത്തുക്കുടിയിലെ മീൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന മരിയ സന്ധ്യയെ മാരിമുത്തുവിന് സംശയം തോന്നിയിരുന്നു. ഇതിന്റെ പേരിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ മരിയയും മാരിമുത്തുവും തമ്മിൽ വീണ്ടും വഴക്കുണ്ടായി. മരിയ വീട്ടിലെത്തുമ്പോൾ വീട്ടിൽ ഇയാൾ ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കി വച്ചിരുന്നു. ഇതിനുശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്. ദമ്പതികൾ രണ്ടുമാസം മുൻപാണ് കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലേക്കു താമസം മാറിയത്. കോൾ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് മാരിമുത്തു. തിരുനെൽവേലി ജില്ലയിലെ തച്ചനല്ലൂർ പൊലീസ് സ്റ്റേഷനിൽ 2022ൽ റജിസ്ടർ ചെയ്ത കേസിൽ പ്രതിയാണ് മാരിമുത്തു.